അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു. കോണ്‍ഗ്രസ് അല്ല ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും കുറച്ച് ബാദല്‍മാരാണ് ഭരണം നടത്തുന്നതെന്നുമായിരുന്നു സിദ്ദുവിന്റെ പരാമര്‍ശം.
ട്വിറ്ററിലൂടെയായിരുന്നു സിദ്ദുവിന്റെ വിമര്‍ശനം.
‘കോണ്‍ഗ്രസ് സര്‍ക്കാരിനു പകരം ബാദല്‍ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നാണ് എം.എല്‍.എമാര്‍ക്കിടയിലെ അഭിപ്രായം. കോണ്‍ഗ്രസ് എം.എല്‍.എമാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ശ്രദ്ധിക്കാന്‍ നേരമില്ല. ബാദല്‍ കുടുംബത്തിന്റെ താല്‍പര്യങ്ങള്‍ക്കൊത്താണ് പൊലീസും ഉദ്യോഗസ്ഥവൃന്ദവും പ്രവര്‍ത്തിക്കുന്നത്. ജനക്ഷേമത്തിനു വേണ്ടിയല്ല ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്’, സിദ്ദു ട്വിറ്ററിലെഴുതി.
അതേസമയം സിദ്ദുവിന്റെ പ്രസ്താവനയ്‌ക്കെതിരെ അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. തീര്‍ത്തും അപക്വമാണ് സിദ്ദുവിന്റെ പ്രസ്താവനയെന്നും ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനുള്ള സിദ്ദുവിന്റെ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.
നേരത്തെ അമരീന്ദര്‍ സിംഗിനെതിരെ സിദ്ദു രംഗത്തെത്തിയിരുന്നു. അമരീന്ദര്‍ സിംഗിനെ താഴെയിറക്കാന്‍ സിദ്ദു മന്ത്രിസഭയില്‍ വേര്‍തിരിവുകളുണ്ടാക്കുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരുമായും എം.എല്‍.എമാരുമായും സിദ്ദു കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Navajyot Singh Sidhu Slams Amarinder Singh