ബംഗളുരു: അമിത് ഷാ പങ്കെടുത്ത റാലിയിലെ ജനപങ്കാളിത്തക്കുറവ് വേദിയില്‍ ചര്‍ച്ചയാക്കി കര്‍ണാടകയിലെ ബി.ജെ.പി. ടെലിവിഷന്‍ ക്യാമറയ്ക്കുമുമ്പില്‍ ശക്തികാണിക്കാനായി ഒഴിഞ്ഞ കസേരകള്‍ നിറയ്ക്കണമെന്ന് അണികളോട് ആവശ്യപ്പെടേണ്ട ഗതികേടും ബി.ജെ.പിക്കുണ്ടായി.
ഒരു ലക്ഷം പ്രവര്‍ത്തകരെയായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. ഇവര്‍ക്കായി ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. എന്നാല്‍ വെറും 20000ത്തോളം പേര്‍ മാത്രമാണ് സദസിലുണ്ടായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
75% കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. പ്രവര്‍ത്തകരോട് ഒഴിഞ്ഞ കസേരകളില്‍ ഇരുന്ന് ടെലിവിഷന്‍ ചാനലുകള്‍ക്കുമുമ്പില്‍ ശക്തികാണിക്കണമെന്ന് പരിപാടിയ്ക്കിടെ പലതവണ അനൗണ്‍സ് ചെയ്യേണ്ട ഗതികേടും നേതാക്കള്‍ക്കുണ്ടായി.
കര്‍ണാടകയിലെ സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തകരെ തടസപ്പെടുത്തിയെന്നും ഇതാണ് റാലിയില്‍ പങ്കാളിത്തം കുറയാന്‍ കാരണമെന്നുമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ന്യായീകരണം. എന്നാല്‍ ഇത്രയും കനത്ത തിരിച്ചടി നേരിട്ടതോടെ മുഖംരക്ഷിക്കാനാണ് ബി.ജെ.പി കര്‍ണാടക സര്‍ക്കാറിനെ പഴിചാരുന്നതെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
” മറ്റു ജില്ലകളില്‍ നിന്നും ബൈക്ക് റാലിയിലായി വേദിയിലെത്താന്‍ ശ്രമിച്ച ഞങ്ങളുടെ പ്രവര്‍ത്തകരെ സിദ്ധരാമയ്യ സര്‍ക്കാറും പൊലീസും തടയുകയാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ട്രാഫിക് ജാമില്‍ കുടുങ്ങിയത്.” എന്നാണ് ജനപങ്കാളിത്തം കുറഞ്ഞതിന് ബി.ജെ.പി പ്രസിഡന്റ് ബി.എസ് യദ്യൂരപ്പ അമിത് ഷായ്ക്കു മുമ്പില്‍ നിരത്തിയ ന്യായവാദം.
ചില മുദ്രാവാക്യങ്ങളോടെ അമിത് ഷാ പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും വലിയ പ്രതിഫലനമൊന്നും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ” ഭായീ, കര്‍ണാടക ജനതയ്ക്ക് ഇത്ര ശബ്ദമേയുള്ളൂ? യദ്യൂരപ്പ പരിവര്‍ത്തന യാത്ര നടത്തുകയാണ്.” എന്നായിരുന്നു അമിത് ഷായുടെ അക്രോശം.
ആശയവിനിമയത്തില്‍ ചില അപാകതകളുണ്ടായെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ” ഷായുടെ വരവ് വൈകുമെന്ന് ഞങ്ങളോടു പറഞ്ഞിരുന്നില്ല. രാവിലെ 9 മണിയ്ക്കുതന്നെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. എന്നാല്‍ ശക്തമായ വെയില്‍ അവരെ തളര്‍ത്തി.” എന്നാണ് നേതാക്കളുടെ വാദം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അമിത് ഷായെത്തിയത്.
ബി.ജെ.പി എം.എല്‍.എ ആര്‍ അശോകയ്ക്കായിരുന്നു വേദിയിലേക്ക് ജനങ്ങളെ എത്തിക്കാനും പരിപാടി മാനേജ് ചെയ്യാനുമുള്ള ഉത്തരവാദിത്തം.