| Thursday, 30th December 2021, 8:44 am

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ല; സിദ്ദുവിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര വടംവലി തുടരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംങ് സിദ്ദുവിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളി. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ലെന്ന് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതലയുള്ള സുനില്‍ ജാഖര്‍ വ്യക്തമാക്കി.

2017 ല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാല്‍ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണെന്ന് ജാഖര്‍ പറഞ്ഞു. ആരുടേയും നേതൃത്വത്തിന്‍ കീഴിലായിരിക്കില്ല പ്രവര്‍ത്തനം, പകരം കൂട്ടായ പ്രചാരണമായിരിക്കും കോണ്‍ഗ്രസ് നടത്തുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിക്കും. ഒരു കുടംബത്തില്‍ നിന്നും ഒരാള്‍ മാത്രമായിരിക്കും സ്ഥാനാര്‍ത്ഥിയായിട്ടുണ്ടായിരിക്കുക. സ്ഥാനാര്‍ത്ഥിത്വത്തിന്റെ അടിസ്ഥാനം ജയിക്കാനുള്ള സാധ്യത മാത്രമായിരിക്കും,’ ജാഖര്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന ആവശ്യം സിദ്ദു ഉന്നയിച്ചത്. 2017 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ഇതേ ചോദ്യം താനുയര്‍ത്തിയിരുന്നു, അതിനാല്‍ അതേ ചോദ്യം ജനങ്ങള്‍ കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുമെന്നും സിദ്ദു പറഞ്ഞു.

കോണ്‍ഗ്രസിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണ് സിദ്ദു. സിദ്ദുവിമായുള്ള തര്‍ക്കത്തിനൊടുവിലാണ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് സ്ഥാനം ഒഴിയേണ്ടി വന്നത്. ഇതിനു ശേഷം അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അമരീന്ദറിന് ശേഷം ചരണ്‍ജിത്ത് സിംഗ് ചന്നിയിലൂടെ പഞ്ചാബില്‍ ആദ്യമായി ഒരു ദളിത് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ചന്നി മുഖ്യമന്ത്രിയായതിന് ശേഷവും പാര്‍ട്ടിയുമായുള്ള കലഹം സിദ്ദു തുടര്‍ന്നിരുന്നു. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ നടത്തിയ സിദ്ദു കോണ്‍ഗ്രസിനെ പല തവണ വെട്ടിലാക്കി. അമരീന്ദറിന് ശേഷം താന്‍ പഞ്ചാബ് കോണ്‍ഗ്രസിന്റ മുഖമാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു സിദ്ദു. എന്നാല്‍ നേതൃത്വത്തിന്റെ നീക്കങ്ങള്‍ സിദ്ദുവിന് തിരിച്ചടിയായി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ബുദ്ധിപരമായ നീക്കമാണ് നടത്തിയത്. ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് സര്‍ക്കാരില്‍ നല്ല സ്വാധീനമുണ്ട്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ അതോടെ ചന്നി ഇടയും. അങ്ങനെ സംഭവിച്ചാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വോട്ട് ചോരും. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും ഇതേ പ്രശ്നമുണ്ട്.

അമരീന്ദറിന്റെ രാജിക്ക് ശേഷവും പഞ്ചാബില്‍ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുന്ന മട്ടാണ്. നിലവിലെ സാഹചര്യത്തില്‍ ഒരാളുടെ നേതൃത്വത്തിന്‍ കീഴില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലായിരിക്കുകയാണ് പഞ്ചാബ് കോണ്‍ഗ്രസ്.

ഇതിനിടക്കാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന ആവശ്യം സിദ്ദു ഉയര്‍ത്തിയത്. സമാനമായ ആവശ്യങ്ങള്‍ ചന്നിയും ഉയര്‍ത്തുന്നുണ്ട്. രണ്ട് മാസത്തെ തന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരെങ്കില്‍ മുഖ്യമന്ത്രിയായി തനിക്ക് വീണ്ടും അവസരം നല്‍കണമെന്ന് ചന്നി ജനങ്ങളോട് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sidhu-wants-cm-face-party-says-no-channi-eyes-top-job

We use cookies to give you the best possible experience. Learn more