യു.ജി.സിയെ പിരിച്ചുവിടുമ്പോള്‍..
Education
യു.ജി.സിയെ പിരിച്ചുവിടുമ്പോള്‍..
നൗഷാദ് എം.കെ. കാളികാവ്
Sunday, 8th July 2018, 12:29 pm

 

 

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസത്തേയും വിദ്യാഭ്യാസ നയങ്ങളെയും മുഴുവന്‍ സംവിധാനത്തെയും കടന്നാക്രമിക്കുന്നത്. ഈ ശ്രമത്തിന്റെ, ഭാഗമായാണ് വിദ്യാഭ്യാസത്തിനായുള്ള ഫണ്ട് വെട്ടിക്കുറക്കലും, രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയെ സ്വകാര്യവത്ക്കരിക്കുന്നതിനുള്ള നീക്കുപോക്കുകള്‍ നടത്തുകയും, രാജ്യത്തെ പ്രമുഖ കലാലയങ്ങളില്‍ കൃത്യമായ യോഗ്യതപോലും പൂര്‍ത്തീകരിക്കാതെ പാര്‍ട്ടി ബന്ധവും ആര്‍.എസ്.എസിലെ സ്ഥാനവലിപ്പവും മൂപ്പവകാശവുംനോക്കി തസ്ത്കികള്‍ നികത്തിയതും, രാജ്യത്തെ നീതിയെ ബോധത്തെയും വിദ്യാഭാസ പരിഷ്‌കൃതിയെയും പച്ചയായും പരസ്യമായും പുച്ഛിക്കുന്നതും.

ഇതേകാരണങ്ങള്‍ കൊണ്ടാണ് പാഠ്യപദ്ധതിയിലെ മാറ്റത്തിരുത്തലുകളും തങ്ങള്‍ക്കു വഴങ്ങാത്ത വ്യക്തികളെയും സ്ഥാപങ്ങളെയും സംവിധാനങ്ങളെയും അധികാരത്തിന്റെയും ഭരണത്തിന്റെയും ഹുങ്കില്‍ തഴയുകയും ഏകമായും സംഘം ചേര്‍ന്നും ആക്രമിക്കുകയും, പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയും ചെയ്യുന്നത്.

ചരിത്രത്തില്‍ പ്രത്യേകിച്ചു റോളൊന്നും ഇല്ലാതിരുന്നവര്‍ക്ക് ചരിത്രം തിരുത്തുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും? ഇതിന്റെ മുന്നോടിയായാണ് യു.ജിസി പിരിച്ചുവിടാനും പുതിയ ഉന്നത വിധ്യാഭ്യാസ കമ്മീഷനെ നിയമിക്കാനുമുള്ള എന്‍.ഡി.എ ഗവര്‍മെന്റിന്റെ പുതിയ തീരുമാനം.

നിലവിലെ യു.ജി.സിയുടെ പോരായ്മകള്‍ നികത്തി അതു ശക്തിപ്പെടുത്തുന്നതിന് പകരമാണ് ഉന്നത വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംനിര്‍ണയ, ഭരണാവകാശം നല്‍കാനും വിദ്യാഭാസ രംഗത്തിന്റെ സമഗ്ര വളര്‍ച്ചക്ക് പ്രോത്സാഹനം നല്‍കാനെന്നുള്ള പേരിലും, സര്‍ക്കാരിന്റെ””പ്രതിബദ്ധത””തെളിയിക്കുന്നതിന്റെയും ഭാഗമായാണ്”ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ)”എന്ന പേരില്‍ ഈ പുതിയ കമ്മീഷന്‍ രൂപീകരിക്കുന്നതെന്നാണ് മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവേദ്ക്കറിന്റെ ന്യായീകരണവാദം.

ഇതോടെ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മിഷനെ (യു.ജി.സി) പിരിച്ച് വിടുകയും 1951 ലെ യു.ജി.സി ആക്റ്റ് റദ്ദ് ചെയ്യപ്പെടുകയും ചെയ്യും. യു.ജി.സിയില്‍ നിന്നും വ്യത്യസ്തമായി ധനസഹായം നല്‍കുന്നതില്‍ അധ്വാനം ചിലവഴിക്കാതെ അക്കാദമിക നിലവാരം നിര്‍ണയിക്കുകയും അത് നടപ്പാക്കുകയും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും, വിദ്യാഭാസ രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും, വിദ്യാഭാസ സ്ഥാപങ്ങളുടെ നിരീക്ഷണങ്ങളും പ്രകടനങ്ങളും വിലയിരുത്തുകയും ചെയ്യുക തുടങ്ങി “അക്കാദമിക” കാര്യങ്ങളില്‍ മാത്രമായിരിക്കും കമ്മീഷണിന്റെ നിഷ്‌കര്‍ഷത.

വിശ്വവിദ്യാലയങ്ങള്‍ക്കും മറ്റു വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും ധനസഹായം നല്‍കുന്ന ചുമതല മാനവശേഷി വികസന മന്ത്രാലയം നേരിട്ട് നിര്‍വഹിക്കും. ഇതോടെ തങ്ങള്‍ക്ക് അവമതരായവര്‍ക്കും ശിങ്കിടിമാര്‍ക്കും കാര്യമായ പരിഗണന നല്‍കാന്‍ മന്ത്രാലയത്തിനാവും. തങ്ങളുടെ ചൊല്‍പ്പടികള്‍ക്കൊത്ത് താളംവെക്കാത്തവരെ “പാഠം പഠിപ്പിക്കാനും”സര്‍ക്കാറിനാവും.

അതേസമയം അക്കാദമിക നിലവാരം പരിശോധിക്കുവാനും, നിയമങ്ങളും നിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കാത്തവര്‍ക്കെതിരെയും അതിനനുസൃതമായി പ്രവര്‍ത്തിക്കാത്തവര്‍ക്കെതിരെയും നടപടിയെടുക്കാനുള്ള പീനല്‍ പവറും കമ്മിഷനുണ്ടാകും.

പുതിയസ്ഥാപനങ്ങള്‍ തുടങ്ങാനും നിലവിലുള്ളത് അടച്ചുപൂട്ടാനുമുള്ള മാനദണ്ഡങ്ങള്‍ കമ്മീഷന്‍ തന്നെ നിര്‍ണയിക്കും. ഇതോടെ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് അനുസൃതമായി മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും നടപ്പിലാക്കാനും കമ്മീഷനാകും.

അതോടൊപ്പം വിദ്യാഭാസ സ്ഥാപനങ്ങളുടെ സുപ്രധാന തസ്തികകളില്‍ തങ്ങളുദ്ദേശിക്കുന്നവരെ തിരുകിക്കയറ്റല്‍ എളുപ്പമാവും. എച്ച്.ഇ.സി.ഐ പാര്‍ലെമെന്റില്‍ വരാനിരിക്കുന്ന മഴക്കാല സമ്മേളനത്തില്‍ ബില്‍ അവതരിക്കാനാണ് നിലവില്‍ സര്‍ക്കാരിന്റെ നീക്കം.

ഈ കമ്മീഷന്‍ നിലവില്‍ വരുന്നതോടെ All India Council for Technical Education (AICTE) ന്റെയുംThe National Council for Teacher Education(NCTE)ന്റെയും പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും.

ഈ കമ്മീഷന്റെ പ്രവര്‍ത്തനത്തോടെ വിദ്യാഭാസ സ്ഥാപനങ്ങളെയും യൂണിവേഴ്‌സിറ്റികളെയും സര്‍ക്കാരിന്റെ അധീനതയിലും പരിധിയിലും കൊണ്ടുവരാന്‍ സാധിക്കും.

വിദ്യാഭാസ രംഗത്ത് രാജ്യ വ്യാപാകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഇതുകാരണമാകും. സംസ്ഥാനങ്ങള്‍ക്കിന്നുള്ള പങ്കും പ്രസക്തിയും പരിമിതപ്പെടുകയും ചെയ്യും. അതോടൊപ്പം രാജ്യത്തെ വിദ്യാഭാസ മേഖലക്കുള്ള ധനസഹായം വെട്ടിക്കുറക്കുക എന്നുള്ളതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.

രാജ്യത്തെ ഉന്നത വിദ്യാഭാസസ്ഥാപങ്ങള്‍ക്ക് സ്വയം നിര്‍ണാവകാശം നല്‍കാനുള്ള തീരുമാനവും ഇത്തരം ശ്രമങ്ങളുടെ ഭാഗമായി വേണം കരുതാന്‍. ഇതോടെ ഓരോ യൂണിവേഴ്‌സിറ്റിയും സ്വയം ഫണ്ട് കണ്ടെത്തേണ്ടതായി വരും. ഇതിനായി സ്വാശ്രയ സ്ഥാപനങ്ങള്‍ അവലംബിക്കുന്ന അതേ രീതി തുടരാനും, ഇത്തരം കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്നുമത് ഇടാക്കേണ്ടതായും വരും.

ഇതോടെ ഇന്ത്യന്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വം മാറിനില്‍ക്കേണ്ട അവസ്ഥ സംജാതമായിത്തീരും.

ഇത്തരമൊരു കമ്മീഷന്റെ രൂപീകരണം ഒന്നാം യു.പി.എ ഗവര്‍മെന്റിന്റെ കാലഘട്ടത്തില്‍ തുടങ്ങിവെച്ചതാണെങ്കിലും, തുടക്കത്തില്‍ തന്നെ ഉന്നത വിദ്യാഭാസ രംഗങ്ങളില്‍ തങ്ങളുടെ സര്‍വാധിപത്യം സ്ഥാപിക്കാനാവും നിലവിലെ സര്‍ക്കാര്‍ ശ്രമിക്കുക. അധികാരം കേന്ദ്ര സര്‍ക്കാരില്‍ പരിമിതപ്പെടുന്നതോടെ രാജ്യത്തെ ഫെഡറല്‍ സംവിധാനം അട്ടിമറിക്കപ്പെടുകയും, സംസ്ഥാനങ്ങളുടെ പ്രവര്‍ത്തന മേഖലകള്‍ക്കു നേരെ വലിയ തോതിലുള്ള കടന്നുകയറ്റം സാധ്യമാക്കുകയും ചെയ്യും.

ജെ എന്‍ യു, യൂണിവേര്‍സിറ്റി ഓഫ് ഹൈദരാബാദ്, ഇഫ്ളു, അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ രാജ്യത്തെ അനവധി യൂണിവേഴ്‌സിറ്റികളില്‍ ഇതിനോടകം തന്നെ വലിയ രീതിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുകയും വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെയും പലരീതിയില്‍ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തത് നാം കണ്ടതാണ്.

ഈ കമ്മീഷന്റെ വരവോടെ ഇതിന്നാക്കം കൂടുകയും സര്‍ക്കാരിന്റെ തെറ്റായ രീതികള്‍ക്കെതിരെ ശബ്ധമുയര്‍ത്തുന്നവരെയും, പ്രതിഷേധിക്കുന്നവരെയും ശക്തമായ രീതിയില്‍ നേരിടാനും നടപടിയെടുക്കാനുമുള്ള സാഹചര്യം നിലവില്‍ വരികയും ചെയ്യും.

തങ്ങളുടെ പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാത്തവരുടെ അംഗീകാരം തടഞ്ഞുവെക്കുക തുടങ്ങിയ പല അന്യായങ്ങളും ഇതുവഴി നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കും. അതുകൊണ്ട് തന്നെ രാജ്യത്തെ ഉന്നതവിദ്യാഭാസ വ്യവസ്ഥയെയും കലാലയങ്ങളെയും കാവിവല്ക്കരിക്കുന്നതിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയു.

ഇതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റുചിലതാണ് യു.ജി.സി നിലനില്‍ക്കുമ്പോള്‍ തന്നെ കഴിഞ്ഞമാസം ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലെ അധ്യാപകരെല്ലാം യോഗയാചരിക്കണമെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍മാര്‍ക്കയച്ച കത്തില്‍ യു.ജി.സി നിര്‍ദേശിച്ചത്.

പോരാത്തതിന്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്താരാഷ്ട്ര യോഗദിനമായിരുന്ന ജൂണ്‍ 21 നു ശേഷം പത്തുദിവസത്തിനകം യു.ജി.സിയെ അറിയിക്കുവാനും നിര്‍ദേശമുണ്ടായിരുന്നു. ഇതിനുപുറമേ, രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ ഭീകരവാദത്തെയും ഭീകരാക്രമാങ്ങളെയും നേരിടുന്നതിനായി കോഴ്‌സുകള്‍ വേണമെന്ന നിര്‍ദേശവും യു.ജി.സി യൂണിവേര്‍സിറ്റികള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു.

ഈ വര്‍ഷം തന്നെയാണ് ദല്‍ഹിയിലെ ജെ.എന്‍.യുവില്‍ ഭീകരവാദ പാഠ്യപദ്ധതിയുടെ ഭാഗമായി ഇസ്ലാമിക ഭീകരവാദം എന്നൊരു കോഴ്‌സിനായുള്ള കോപ്പുകൂട്ടല്‍ നടന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ശക്തമായ ചെറുത്തു നില്‍പ്പു കാരണവും ഇതുമായി വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി കരസ്ഥമാക്കുകയും ചെയ്തതോടെയാണ് ഈ ശ്രമം നടക്കാതെ പോയത്.

മൊത്തം വിദ്യാഭാസ സമ്പ്രദായത്തെ തങ്ങളുടെ കൈപിടിയിലൊതുക്കുന്നതിന് പുറമേ വിദ്യാഭ്യാസത്തെ മൊത്തമായും ചില്ലറയായും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനുള്ള സാഹചര്യവും ഈ കമ്മീഷന്റെ നിര്‍മ്മിതിയോടെ സാധ്യമാവും. അഥവാ ഉന്നത വിദ്യാഭാസത്തെ വാണിജ്യവത്കരിക്കുന്നതിനു ഏറെ സഹായിക്കുന്ന ഒരു നിലപാടായിരിക്കും ഈ കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടാവുക.

രാജ്യത്തിന്റെ ഉന്നതതലവിദ്യാഭാസ വ്യവസ്ഥയെ തകര്‍ക്കുകയും ഉന്നത വിദ്യാഭാസം സാധാരണ ജനങ്ങള്‍ക്കും, പിന്നോക്കക്കാര്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപ്രാപ്യമാകുകയും ചെയ്യും. ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന കമ്മീഷനില്‍ വിദ്യാഭാസ രംഗത്ത് വിദേശ നിക്ഷേപത്തിനായുള്ള വ്യവസ്ഥകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇതോടെ 1940 കളുടെ അവസാനത്തില്‍ ഡോ. എസ് രാധാകൃഷ്ണന്‍ ചെയര്‍മാനായി നിയമിച്ച കമ്മീഷന്റെ പരിഗണനയിലെ പ്രധാനപ്പെട്ട ശുപാശയിലൊന്നായ ജാനാധിപത്യ രീതിയില്‍ യൂണിവേഴ്സിറ്റികള്‍ക്ക് ഫണ്ട് ലഭ്യമാക്കുക എന്ന ലക്ഷത്തിന് തുരങ്കം വെക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശങ്ങള്‍ക്ക് പുല്ലുവിലയായിരിക്കും കല്‍പ്പിക്കപ്പെടുക. യൂണിവേഴ്സിറ്റികളും മറ്റും നോക്കുകുത്തികളാവും. അക്കാദമീക സ്വതന്ത്ര്യവും വിദ്യാഭാസത്തിലെ ജനാധിപത്യ ഭരണക്രമവും അട്ടിമറിക്കപ്പെടും.

ഉന്നത കലാലയങ്ങളില്‍ നിലനില്‍ക്കുന്ന ഒഴിവാക്കല്‍ പ്രക്രിയയുടെ (SocialExclusion) വ്യാപ്തി ഇനിയും വര്‍ധിക്കും. ഒരുപക്ഷെ നിലനില്‍ക്കുന്ന സര്‍ക്കരിനേയോ സംവിധാനത്തെയോ വിമര്‍ശനാത്മകമായ രീതിയിലുള്ള പി.എച്ച്.ഡികള്‍ വരെ നമുക്കന്യമായേക്കാം.

യു.ജി.സി ഒരു റെഗുലേറ്ററി ബോഡിയായായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പോളിസി നടപ്പിലാക്കുന്നതിനും ഭരണകര്‍തൃത്വത്തിനും നിര്‍വഹണത്തിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം സമാനാര്‍ത്ഥത്തിലുള്ള ബോഡികളുണ്ടായിരുന്നു. പുതിയ കമ്മിഷന്റെ വരവോടെ ഫെഡറല്‍ സംവിധാനത്തില്‍ നിന്നും വിദ്യാഭാസത്തെ പടിപടിയായി കുടിയിറക്കും. ഉന്നത വിദ്യാഭാസം ഭരണവര്‍ഗത്തിന്റെ കൈപിടിയിലൊതുങ്ങുകയും രാജ്യത്തെ സര്‍വ്വകലാശാലകളേയും അവിടുത്തെ യുവമനസ്സുകളേയും സംഘപരിവാര്‍ നിശ്ചയിക്കുന്ന സിലബസുകളും പാഠ്യഭാഗങ്ങളും മാത്രം പഠിപ്പിക്കുന്ന സാഹചര്യമുടലെടുക്കുകയും ചെയ്യും.

ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹ്യ സാഹചര്യത്തില്‍ സംഘപരിവാര്‍ ഇത്തരമൊരു നടപടിക്കുമുതിരുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുമ്പായി കഴിയുന്നത്രയും സംഘപ്രവര്‍ത്തകരെയും, ബി.ജെ.പി അനുയായികളെയും വ്യത്യസ്ത വിദ്യാഭ്യാസ തസ്തികകളില്‍ നിയമിക്കുക കൂടിയാണ്.

രാജ്യത്തെ ഉന്നതമായ കലാലയമായ ജെ.എന്‍.യുവില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷങ്ങളില്‍ നടത്തിയ നിയമനങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. നെറ്റും ജെ.ആര്‍.എഫും നേടി പി.എച്ച്.ഡിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഗൈഡ് ചെയ്യാനായി പുതുതായി നിയമിച്ചിരിക്കുന്ന അദ്ധ്യാപകന്റെ യോഗ്യതയാവട്ടെ വെറും പി.ജിയും നെറ്റും.

മറ്റുചിലര്‍ plagerism ത്തില്‍ കുടുങ്ങിയ നിലവാരം കൂടിയ “അക്കാദമിക മോഷ്ടാക്കളുമാണ്”.സംഘപരിവാര്‍ പ്രവര്‍ത്തകനാവുക, പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നവരുടെ ബന്ധുക്കളാവുക തുടങ്ങിയവയാണ് സംഘപരിവാര്‍ ഭരണകാലത്തെ അക്കാദമിക യോഗ്യത.

ഈയവസരത്തില്‍ അധ്യാപക വിദ്യാര്‍ത്തി സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം സാധ്യമാവുന്നില്ലങ്കില്‍ ഉന്നത വിദ്യഭാസമെന്നത് രാജ്യത്തെ ഭരണവര്‍ഗത്തിന്റെയും അതിന്റെ മൂടുതാങ്ങികളുടെയും കുത്തകയും, വലിയൊരു വിഭാഗത്തെ ക്രൂശിക്കുവാനുള്ള ആയുധവുമാക്കും.

യഥാര്‍ത്ഥത്തില്‍ യു.ജി.സിയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍, നേട്ടങ്ങള്‍, കുറവുകള്‍, വൈകല്യങ്ങള്‍ അതിനുള്ള കാരണങ്ങള്‍ അവ നികത്തുവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ നിര്‍ദേശിക്കുന്നതിനും യു.ജി.സിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ എടുക്കുന്നതിനും പകരം തങ്ങളുടെ പരിമിതമായ ബുദ്ധിയിലുദിച്ച ഒരസംബന്ധത്തെ ഇന്ത്യാ മഹാരാജ്യത്തെ ഓരോ പൗരനും അനുഭവിച്ചേ തീരു എന്നുള്ളതാണ് പുതിയ കമ്മീഷന്റെ നിര്‍മിതിയിലേക്കുള്ള എടുത്തുചാട്ടത്തിലൂടെ സര്‍ക്കാര്‍ കാണിക്കുന്നത്.

അതോടൊപ്പം തന്നെ കമ്മീഷന്റെ 12 അംഗങ്ങളില്‍ SC/ST/OBC/PwD/WOMEN തുടങ്ങിയ വിഭാഗങ്ങളുടെ യാതൊരുവിധ പ്രാധിനിത്യവുമില്ല. പരിഷ്‌കാരമാണെങ്കില്‍ പ്രാഥമികമായ സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളെയും പിന്നോക്ക സമൂഹങ്ങളെയുമായിരിക്കണം മൗലികമായി പരിഗണിക്കേണ്ടത്.

അപ്രകാരം തന്നെ പരിഷ്‌കാരങ്ങള്‍ സാമൂഹ്യ ഉത്തരവാദിത്തത്തോടും, സാമൂഹ്യ പ്രതിബദ്ധതയോടും നീതിപുലര്‍ത്തുന്നതായിരിക്കണം. വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതായിരിക്കണം ഇത്തരം സംവിധാനങ്ങളെല്ലാം.

ഒരുപാട് സംശയങ്ങളും ആശങ്കകളും നിറഞ്ഞുനില്‍ക്കെ വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള അഭിപ്രായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി വളരെ കുറഞ്ഞ സമയം മാത്രമാണ് ഏഴാം തീയതിവരെ മാത്രം സമയം പരിമിതപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ധൃതിപിടിച്ച ഈ പരിഷ്‌കരണം” യഥാര്‍ത്ഥത്തില്‍ ഉന്നത തല വിദ്യാഭാസത്തോടൊപ്പം ഈ രാഷ്ട്രത്തിന്റെ ഭാവിയെ കൂടിയാണ് തകര്‍ക്കുന്നത്. ഈ അവസരത്തില്‍ നാം ജാഗരൂകരായിട്ടില്ലെങ്കില്‍, മയിലുകള്‍ ഇണചേരാറില്ലായെന്നും, അവ ഗര്‍ഭം ധരിക്കുന്നത് കണ്ണീരിലൂടെയാണെന്നും, ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാനെന്നും, ഗൂഗിളിനെക്കാളും വലിയ ജ്ഞാനിയായിരുന്നു നാരദനെന്നും, ഗോ മൂത്രം കഴിഞ്ഞേ മറ്റു മരുന്നുകളുള്ളുവെന്നും, ചാണകം പവിത്രമാനെന്നും, ലോകത്ത് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് ഗണപതിയെ ആയിരുന്നുവെന്നൊക്കെ നാം പുസ്തകങ്ങളിലൂടെ പഠിക്കേണ്ടതായി വരും.