| Tuesday, 12th January 2016, 8:14 am

നൗഷാദിന്റെ ജീവിതം സിനിമയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിന്റെ ജീവിതം സിനിമയാകുന്നു. “ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക” എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക.

നവാഗതനായ സജീഷ് വേലായുധനാണ് സിനിമ സംവിധാനം ചെയ്യുന്നത്. കോഴിക്കോട് സ്വദേശികളായ ശ്രീജേഷും വിപിനേഷുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്.

കോഴിക്കോടും ഗുരുവായൂരുമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൗഷാദിന്റെ ബന്ധുക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നൗഷാദിന്റെ ജീവിതം സിനിമയാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. നൗഷാദിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ഓട്ടോറിക്ഷ തന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിക്കുകയെന്ന് അണിയറ പ്രവര്‍ത്തര്‍ അറിയിച്ചു.

പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിതാരയാണ് സംഗീതം പകരുക. മോഹന്‍സിത്താരയുടെ സംഗീതത്തിന് ബാപ്പു വാവാടാണ് വരികളൊരുക്കുന്നത്. നൗഷാദിന്റെ ജീവിതം വരുന്ന തലമുറയ്ക്ക് കൂടെ പകര്‍ന്നു നല്‍കാനാണ് ഇത്തരമൊരു ഉദ്യമമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ചിത്രത്തിലെ നായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more