ഇസ്രഈലിലും ഗസയിലും വെള്ളപ്പൊക്കം; ദുരിതത്തിലായി ഫലസ്തീനികൾ
Israel Occupation
ഇസ്രഈലിലും ഗസയിലും വെള്ളപ്പൊക്കം; ദുരിതത്തിലായി ഫലസ്തീനികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2025, 8:43 am

ജെറുസലേം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇസ്രഈലിലും ഗസയിലും ദുരിതം. വടക്കന്‍ ഇസ്രഈലില്‍ ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ രാജ്യത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായത്.

അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതോടെ പൗരന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. മഴയ്ക്ക് പുറമെ മണഞ്ഞുവീഴ്ചയും ഇസ്രഈലിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തിന് പിന്നാലെ ശുദ്ധമായ കുടിവെള്ളത്തിന് ലഭ്യത കുറവുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള സേനകളുടെ സേവനം ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

വരുന്ന ദിവസങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 80 ശതമാനത്തിലധികം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

രൂക്ഷമായ വെള്ളപ്പൊക്കവും കൊടുങ്കാറ്റും ഫലസ്തീനെയും ദുരിതത്തിലാഴ്ത്തി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഖാന്‍ യൂനുസിലെ 100ഓളം ടെന്റുകളില്‍ വെള്ളം കയറിയതായി യു.എന്‍ ഏജന്‍സിയായ അനര്‍വ റിപ്പോര്‍ട്ട് ചെയ്തു.

മധ്യ ഗസ സിറ്റി, മവാസി, ഖാന്‍ യൂനിസ്, റഫ, പടിഞ്ഞാറന്‍ ദേര്‍ അല്‍-ബലാഹ് എന്നിവിടങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്. ഗസയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഭൂരിഭാഗം ഫലസ്തീനികളും അഭയം തേടിയിരിക്കുന്നത് ഈ പ്രദേശങ്ങളിലാണ്.

കണക്കുകള്‍ പ്രകാരം ഗസയില്‍ നിന്ന് 1.9 ദശലക്ഷം ഫലസ്തീനികള്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും അഭയകേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ നിന്ന് നവജാത ശിശുക്കളെ ഉള്‍പ്പെടെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് കോളുകള്‍ ലഭിച്ചതായി ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഗസയിലെ അതിശൈത്യത്തെ തുടര്‍ന്ന് നാല് നവജാത ശിശുക്കളും ഒരു ആരോഗ്യ പ്രവര്‍ത്തകനും മരിച്ചിരുന്നു.

ഗസയിലെ യൂറോപ്യന്‍ ഹോസ്പിറ്റലിലെ ജീവനക്കാരനായ അല്‍ഹക്കിം അഹമ്മദ് അല്‍ സഹാര്‍നെയാണ് മരണപ്പെട്ടത്. ഖാന്‍ യൂനുസിന് പടിഞ്ഞാറ് അല്‍മവാസിയില്‍ സ്ഥാപിച്ചിട്ടുള്ള ടെന്റില്‍ നിന്ന് സഹാര്‍നെയുടെ മൃതദേഹം തണുത്തുറഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

തെക്കന്‍ ഗസയിലെ അല്‍ മവാസി അഭയാര്‍ത്ഥി ക്യാമ്പിലെ നവജാത ശിശുക്കളാണ് അതിശൈത്യത്തില്‍ മരിച്ചത്. മരിച്ച കുട്ടികളില്‍ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. മറ്റു രണ്ട് കുട്ടികള്‍ക്ക് ഒരുമാസമാണ് പ്രായം.

അന്തരീക്ഷ താപനില കുറഞ്ഞതും ക്യാമ്പുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് മരണകാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

‘വേനല്‍കാലത്ത് അഭയാര്‍ത്ഥി ക്യാമ്പുകളിലെ ചൂട് സഹിക്കാന്‍ കഴിയില്ല. ശൈത്യമായാല്‍ തണുപ്പും സഹിക്കാന്‍ കഴിയില്ല. തണുപ്പകറ്റാനുള്ള ഒരു സൗകര്യവും ക്യാമ്പില്‍ ഇല്ല,’ വടക്കന്‍ ഗസ നിവാസിയായ സയ്ദ് ലാസ്റ്റ പറഞ്ഞു.

2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ശുദ്ധമായ കുടിവെള്ളം, ഭക്ഷണം, വസ്ത്രം മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ഫലസ്തീനികള്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് കാലാവസ്ഥയെ നേരിടുന്നതില്‍ ഫലസ്തീനികളില്‍ വെല്ലുവിളി സൃഷ്ടിക്കുകയാണ്.

ഇതിനുപുറമെ ഗസയില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന അവസാനത്തെ ആശുപത്രിയായ കമല്‍ അദ്‌വാനില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് രോഗികളെ ഉള്‍പ്പെടെ  അര്‍ധനഗ്‌നരാക്കി സൈനികര്‍ ശൈത്യത്തിലേക്ക് ഇറക്കിവിടുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അതിശൈത്യത്തില്‍ ഫലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ മോശം സാഹചര്യത്തിലാണെന്ന് അന്‍വയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. അനര്‍വയുടെ ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരുന്ന 745 പേരെ ഇസ്രഈല്‍ സൈന്യം കൊല്ലപ്പെടുത്തിയെന്നും 2,200 പേര്‍ക്ക് പരിക്കേറ്റതായും ലസാരിനി ചൂണ്ടിക്കാട്ടി.

Content Highlight: Nature apart from Israel; Palestinians hit by floods and storms