ജയ്പൂര്‍: പാര്‍ട്ടിവിട്ടുപോയ എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിട്ടും പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്ക് വിരാമമാകുന്നില്ല. സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും തിരിച്ചെത്തിയതില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കടുത്ത അതൃപ്തിയുണ്ടെന്ന് പ്രകടമാവുന്ന റിപ്പോര്‍ട്ടുകളാണ് രാജസ്ഥാനില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
റിസോര്‍ട്ടില്‍ താമസിക്കുന്ന എം.എല്‍.എമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഗെലോട്ട്
എം.എല്‍.എമാര്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്നും അത് സ്വാഭാവികമാണെന്നുമാണ് പ്രതികരിച്ചത്.
” എം.എല്‍.എമാര്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. സംഭവങ്ങള്‍ നടന്ന രീതിയും അവര്‍ ഒരുമാസം കഴിഞ്ഞുകൂടിയ രീതിയും നോക്കുമ്പോള്‍ ഇത് സ്വാഭാവികമാണ്. പക്ഷേ ഞാനവരോട് വിശദീകരിച്ചുകൊടുത്തിട്ടുണ്ട് നമ്മുടെ രാജ്യത്തെയും സംസ്ഥാനത്തേയും ജനങ്ങളേയും സേവിക്കണമെങ്കില്‍, ജനാധിപത്യത്തെ സംരക്ഷിക്കണമെങ്കില്‍ ചിലസമയങ്ങളില്‍ നമ്മള്‍ ക്ഷമ കാണിക്കണമെന്ന്,” അശോക് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കണ്ടെങ്കിലും അശോക് ഗെലോട്ടുമായി ഇതുവരേയും കൂടിക്കാഴ്ച നടത്തിയിട്ടില്ല.
സച്ചിന്‍ പൈലറ്റും എം.എല്‍.എമാരും തിരിച്ചെത്തുന്നതില്‍ പരോക്ഷമായി തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. പാര്‍ട്ടി വിട്ട വിമതരോട് ക്ഷമിക്കേണ്ടത് താനല്ല പാര്‍ട്ടി ആണെന്നാണ് എം.എല്‍.എമാരുടെ തിരിച്ചുവരവ് വിഷയത്തില്‍ ഗെലോട്ടിന്റെ പ്രതികരണം.
പാര്‍ട്ടി നേതൃത്വം ക്ഷമിച്ചാല്‍ അവരെ സ്വാഗതം ചെയ്യുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും താനുമായി പ്രശ്നമുള്ള എം.എല്‍.എമാരുടെ പരാതികള്‍ പരിഹരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ഗെലോട്ട് പറഞ്ഞിരുന്നു.
പാര്‍ട്ടിയെ ഒറ്റിയ വിമതര്‍ക്കെതിരെ നടപടി വേണമെന്ന് ഗെലോട്ട് പക്ഷത്തുള്ള എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.