| Monday, 21st October 2024, 9:08 am

കൈ തേക്കിന്‍തടി പോലെ ആകുന്ന രീതിക്കാണ് സൂര്യ വര്‍ക്കൗട്ട് ചെയ്തത്: നടരാജ സുബ്രഹ്‌മണ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കങ്കുവ. സൂര്യ ഇരട്ടവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവയാണ്. രണ്ട് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ ബി.സി നാലാം നൂറ്റാണ്ടിലെ യോദ്ധാവായും പുതിയ കാലഘട്ടത്തില്‍ അണ്ടര്‍കവര്‍ ഏജന്റായുമാണ് സൂര്യ വേഷമിടുന്നത്. സൂര്യയുടെ രണ്ട് ഗെറ്റപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ചിത്രത്തിനായി സൂര്യ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് നടനും ക്യാമറാമാനുമായ നടരാജ സുബ്രഹ്‌മണ്യം (നട്ടി). കൊടൈക്കനാലിലെ കാട്ടിനുള്ളില്‍ സെറ്റിട്ടാണ് സിനിമയിലെ പിരീയഡ് പോര്‍ഷന്‍സ് ചിത്രീകരിച്ചതെന്ന് നട്ടി പറഞ്ഞു. പുലര്‍ച്ചെ നാല് മണിക്ക് എല്ലാ ആര്‍ട്ടിസ്റ്റുകളും ലൊക്കേഷനിലെത്തുമെന്നും ഒരു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന മേക്കപ്പിന് ശേഷമാണ് ഷൂട്ടെന്നും നട്ടി കൂട്ടിച്ചേര്‍ത്തു.

സൂര്യയുടെ കഥാപാത്രത്തിന്റെ മേക്കപ്പ് പലപ്പോഴും രണ്ട് മണിക്കൂറിനടുത്ത് എടുക്കാറുണ്ടെന്നും അതിന് ശേഷം വൈകുന്നേരം വരെ ഷൂട്ട് ചെയ്യുമായിരുന്നെന്നും നട്ടി പറഞ്ഞു.ലൈറ്റ് പോയ ശേഷം ഷൂട്ട് നിര്‍ത്തുമെന്നും പിന്നീട് മേക്കപ്പ് കളയാന്‍ മുക്കാല്‍ മണിക്കൂറിന് മുകളില്‍ എടുക്കാറുണ്ടെന്നും നട്ടി കൂട്ടിച്ചേര്‍ത്തു.

സെറ്റില്‍ നിന്ന് എല്ലാവരും പോയ ശേഷവും സൂര്യ അവിടെ നിന്ന് വര്‍ക്ക് ഔട്ട് ചെയ്യുന്നത് കാണാറുണ്ടെന്നും കൈ തേക്കിന്‍തടി പോലെ ആക്കാന്‍ വേണ്ടി വര്‍ക്കൗട്ട് ചെയ്യുന്നതായി തോന്നുമെന്നും നട്ടി പറഞ്ഞു. ഷൂട്ട് തീരുന്നതുവരെ ഇതേ രീതിയായിരുന്നു സൂര്യ പിന്തുടര്‍ന്നതെന്നും നട്ടി കൂട്ടിച്ചേര്‍ത്തു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പടത്തിന്റെ പിരീയഡ് പോര്‍ഷന്‍സ് പലതും ഷൂട്ട് ചെയ്തത് കൊടൈക്കനാലിലായിരുന്നു. അവിടെ കാടിനുള്ളില്‍ സെറ്റിട്ടിട്ടാണ് പല സീനും എടുത്തത്. ഒരുപാട് ഉള്ളിലേക്ക് പോയിട്ടാണ് ഷൂട്ട്. എല്ലാ ആര്‍ട്ടിസ്റ്റുകളും പുലര്‍ച്ചെ നാല് മണിക്ക് സെറ്റിലെത്തുമായിരുന്നു. അതിന് ശേഷം ഒരു മണിക്കൂറിനടുത്ത് മേക്കപ്പ് ചെയ്യാന്‍ എടുക്കുമായിരുന്നു. സൂര്യ സാറിന്റെ മേക്കപ്പ് രണ്ട് മണിക്കൂറിനടുത്ത് എടുക്കും. പിന്നീട് വൈകുന്നേരം വരെ ഷൂട്ടായിരിക്കും.

സൂര്യപ്രകാശം കംപ്ലീറ്റായി പോകുന്നതുവരെ ഷൂട്ട് ചെയ്യും. എന്നിട്ട് വീണ്ടും ഒരു മുക്കാല്‍ മണിക്കൂര്‍ മേക്കപ്പ് കളയാന്‍ വേണ്ടി ഞങ്ങള്‍ ഇരിക്കും. എല്ലാം കഴിഞ്ഞ് പോകാന്‍ നേരത്ത് എന്തൊക്കെയോ ശബ്ദം കേള്‍ക്കും. നോക്കുമ്പോള്‍ സൂര്യ സാര്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതാണ്. കൈ തേക്കിന്‍തടി പോലെ ആകുന്നതുവരെ പുള്ളി വര്‍ക്കൗട്ട് ചെയ്യും. അവിടത്തെ ഷൂട്ട് തീരുന്നതുവരെ അങ്ങനെ തന്നെയായിരുന്നു സൂര്യ സാറിന്റെ ദിനചര്യ,’ നട്ടി പറഞ്ഞു.

Content Highlight: Natty about Suriya’s workout in Kanguva movie

We use cookies to give you the best possible experience. Learn more