കൊച്ചി: നാട്ടികയില്‍ ജെ.ഡി.യു നേതാവ് പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
കേസിലെ പ്രതികളെ നേരത്തെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ശിക്ഷാവിധി. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും അടക്കണം.
മാര്‍ച്ചില്‍ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ ഉള്‍പ്പെടെ കേസിലെ 10 പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടത്.
എന്നാല്‍ കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു.
2015 മാര്‍ച്ച് 24നായിരുന്നു ദീപക് കൊല്ലപ്പെട്ടത്. തുടര്‍ന്ന് കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്നു ദീപക്.
Content Highlight: Nattika Deepak murder case; Five RSS workers get life imprisonment