| Wednesday, 23rd March 2022, 9:53 pm

നുണകള്‍ക്ക് മേല്‍ നുണകളുമായി റഷ്യയെ പിന്തുണയ്ക്കുന്നത് ചൈന: നാറ്റോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: ഉക്രൈനിനെ ആക്രമിക്കാനായി ചൈന റഷ്യയ്ക്ക് രാഷ്ട്രീയ പിന്തുണ നല്‍കുന്നതായി നാറ്റോ മേധാവി ജെന്‍സ് സ്‌റ്റോളന്‍ബെര്‍ഗ്. റഷ്യ നടത്തുന്ന യുദ്ധങ്ങള്‍ക്ക് ഭൗതികപരമായി ഒരു സഹായവും ചെയ്യരുതെന്നും നാറ്റോ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി.

‘നുണകള്‍ക്ക് മേല്‍ നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചുകൊണ്ട് ചൈന റഷ്യയ്ക്ക് രാഷ്ട്രീയപരമായ എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുണ്ട്. റഷ്യന്‍ അധിനിവേശത്തില്‍ ചൈന റഷ്യയെ ഭൗതികമായി പിന്തുണയ്ക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്,’ വ്യാഴാഴ്ച നടക്കാനിരിക്കുന്ന അടിയന്തര ഉച്ചകോടിയ്ക്ക് മുമ്പായി സ്റ്റോളന്‍ബെര്‍ഗ് പറഞ്ഞു.

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അംഗമെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ മറ്റ് നേതാക്കള്‍ ചൈനയോട് ആവശ്യപ്പെടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി സ്റ്റോളന്‍ബെര്‍ഗ് അറിയിച്ചു.

ഇതുകൂടാതെ റഷ്യയുടെ യുദ്ധ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും, യുദ്ധം ഉടനടി സമാധാനപരമായി അവസാനിപ്പിക്കാന്‍ ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ചൈന ചേരുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉക്രൈനില്‍ നിന്നുള്ള സൈനിക പിന്മാറ്റം, നാറ്റോ അംഗത്വം എന്നിവയെ കുറിച്ച് റഷ്യയുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നാറ്റോയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമെടുക്കണമെന്നറിയാത്ത പാശ്ചാത്യര്‍ക്കും സുരക്ഷിതത്വം ആഗ്രഹിക്കുന്ന ഉക്രൈനും, തങ്ങള്‍ക്ക് നാറ്റോ അംഗത്വം ലഭിക്കരുതെന്ന് ആഗ്രഹിക്കുന്ന റഷ്യക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ് ഈ തീരുമാനമെന്നായിരുന്നു സെലന്‍സ്‌കി അറിയിച്ചിരുന്നത്.

വെടിനിര്‍ത്തല്‍, റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കല്‍, ഉക്രൈന്റെ സുരക്ഷ ഉറപ്പാക്കല്‍ എന്നിവക്ക് പകരമായി നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചര്‍ച്ച ചെയ്യാമെന്നായിരുന്നു സെലന്‍സ്‌കി പറഞ്ഞത്.

റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്ന ആവശ്യം സെലന്‍സ്‌കി വീണ്ടും ആവര്‍ത്തിച്ചു. താനുമായി നേരിട്ടുള്ള ചര്‍ച്ചക്ക് അദ്ദേഹം തയാറായില്ലെങ്കില്‍, യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്ന് കരുതാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെടിനിര്‍ത്തല്‍ ഉത്തരവ് നിലവില്‍ വന്നതിന് ശേഷം റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികള്‍ കൈവശം വച്ചിരിക്കുന്ന ക്രിമിയയുടെയും കിഴക്കന്‍ ഡോണ്‍ബാസ് മേഖലയുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഉക്രൈന്‍ ചര്‍ച്ചക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: NATO Accuses China Of Backing Russia

We use cookies to give you the best possible experience. Learn more