| Thursday, 26th November 2020, 8:19 am

കേന്ദ്ര സര്‍ക്കാരിന് രാജ്യത്തെ തൊഴിലാളികളുടെ താക്കീത്; ദേശവ്യാപക പണിമുടക്ക് ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്തമായി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബി.എം.എസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ 25 കോടിയിലധികം തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്.

കേരളത്തില്‍ ഒന്നരക്കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമര സമിതി അറിയിച്ചിട്ടുണ്ട്.

പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ഹിന്ദ് മസ്ദൂര്‍ സഭ, സി.ഐ.ടി.യു, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍, യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി, ബി.എസ്.എന്‍.എല്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനീയേഴ്‌സ് ഫെഡറേഷനും ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്്. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യ വത്കരണ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നാണ് പവര്‍ എന്‍ജിനീയേഴ്‌സ് അറിയിച്ചത്.

റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയായിരിക്കും റെയില്‍ ജീവനക്കാര്‍ പണിമുടക്കുക.

പണിമുടക്ക് ദിവസം കടകള്‍ തുറക്കണോ എന്ന കാര്യത്തില്‍ ഓരോ പ്രദേശത്തെയും യൂണിറ്റുകള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞത്.

അതേസമയം കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ച് ഇന്ന് നടക്കും. കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് രണ്ട് ദിവസത്തെ ദല്‍ഹി ചലോ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nationwide Strike began today

We use cookies to give you the best possible experience. Learn more