മാഡ്രിഡ്: സ്‌പെയിനില്‍ ജനകീയ ടൂറിസത്തിനെതിരെ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം. ദ്വീപ സമൂഹമായ മല്ലോര്‍ക്കന്‍ തലസ്ഥാനമായ പാല്‍മയില്‍ നടന്ന പ്രതിഷേധത്തില്‍ 20,000ത്തോളം പ്രതിഷേധക്കാര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. സ്പെയിനിലെ അതിരുകടന്ന ടൂറിസം രാജ്യത്തിന് ഭീഷണിയാകുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
2023ല്‍ സ്‌പെയിനില്‍ നിന്നും വിദേശത്തുനിന്നുമായി 17.8 ദശലക്ഷം ആളുകളാണ് രാജ്യത്തെ ദ്വീപുകളില്‍ സന്ദര്‍ശനം നടത്തിയത്. 2024ല്‍ ഇത് ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രതിഷേധം കനക്കുന്നത്.
സര്‍ക്കാരിന്റെ ടൂറിസം മോഡല്‍ സ്പാനിഷ് മെഡിറ്ററേനിയന്‍ ദ്വീപിന് ഹാനികരമാകുമെന്നാണ് പ്രധാന വിമര്‍ശനം. ഈ മോഡലില്‍ സര്‍ക്കാര്‍ മാറ്റം വരുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സ്‌പെയിനില്‍ കൂടുതലായി വിദേശ യാത്രികരെത്തുന്ന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ബഹുജന ടുറിസത്തിനെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്നത്.
വിനോദ സഞ്ചാരികളുടെ ആഡംബരം തങ്ങളുടെ ദുരിതമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഈ പ്രതിഷേധത്തെ ഒരു ടൂറിസം ഫോബിയയായി കാണേണ്ടതില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
1,232,014 താമസക്കാരുള്ള വിനോദ സഞ്ചാര മേഖലകളില്‍ 18 ദശലക്ഷം വിനോദ സഞ്ചാരികളാണ് ഉള്ളതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കൂടാതെ, നിലവിലുള്ള സര്‍ക്കാര്‍ ടൂറിസം മോഡല്‍ പ്രകൃതി വിഭവങ്ങളെയും പൊതു സേവനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
മല്ലോര്‍ക്ക, മെനോര്‍ക്ക, ഐബിസ എന്നീ മൂന്ന് ദ്വീപുകളുള്ള ബലേറിക് ദ്വീപുകളില്‍ അമിതമായ വിനോദസഞ്ചാരത്തിന് പരിധികള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 80ഓളം സംഘടനകളും സാമൂഹിക ഗ്രൂപ്പുകളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
Content Highlight: Nationwide protests against mass tourism in Spain