| Monday, 13th May 2019, 10:52 pm

വര്‍ഗീയസംഘര്‍ഷങ്ങള്‍ തുടരുന്നു; ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: വര്‍ഗീയസംഘര്‍ഷങ്ങളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളെത്തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്ത് വന്‍തോതില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.

ഇന്നു രാത്രി ഒമ്പതു മണിക്കാരംഭിച്ച കര്‍ഫ്യൂ നാളെ പുലര്‍ച്ചെ നാലു മണിവരെയാണ്. നാളെ രാവിലെ ആറുമുതല്‍ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഗാംപഹയില്‍ വീണ്ടും കര്‍ഫ്യൂ തുടങ്ങും. നേരത്തേ മുസ്‌ലിം വിരുദ്ധ കലാപത്തെത്തുടര്‍ന്നു രാജ്യത്തിന്റെ ഉത്തരപടിഞ്ഞാറന്‍ പ്രവിശ്യയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

രാജ്യത്തിന്റെ സമാധാനം കളയരുതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ സുരക്ഷാസൈന്യങ്ങള്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞതായി കൊളംബോ പേജ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ ചില്ലോ നഗരത്തില്‍ മുസ്‌ലിം പള്ളിക്കും മുസ്‌ലിം വിഭാഗക്കാര്‍ നടത്തിവന്ന കടകള്‍ക്കും നേരെയുണ്ടായ കല്ലേറ് സംഘര്‍ഷത്തിനു വഴിവെച്ചിരുന്നു. ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വ്യാപിച്ചതിനെത്തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സാമൂഹികമാധ്യമങ്ങള്‍ക്ക് നേരത്തേതന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. വ്യാജപ്രചാരണങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയാണിത്.

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും മറ്റുമുണ്ടായ ചാവേറാക്രമണത്തില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 250-ലധികം പേരാണ്.

We use cookies to give you the best possible experience. Learn more