[] മുംബൈ: രാജ്യത്തെ ആദ്യ മോണോ റെയില്‍ 8.9 കിലോമീറ്റര്‍ ദൂരം ഓടി ചരിത്രത്തിലിടം നേടി. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ചെമ്പൂരില്‍ മഹാത്മ ഗാന്ധി മൈതാനത്ത് റിമോട്ട് കണ്‍ട്രോള്‍ വഴി ഉദ്ഘാടനം ചെയ്ത് മോണോ റെയില്‍ രാജ്യത്തിന് സമര്‍പ്പിച്ചു.
ഞായറാഴ്ച മുതല്‍ പതിവ് സര്‍വീസ് ആരംഭിക്കും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം മൂന്ന് വരെ 15 മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വീസ്.
എട്ട് മുതല്‍ 22 മീറ്റര്‍ വരെ ഉയരമുള്ള തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഗൈഡ്‌വേ ബീം എന്നറിയപ്പെടുന്ന പാതയിലൂടെയാണ് യാത്ര.
ഏഴ് സ്റ്റേഷനുകളാണ് ആദ്യ ലൈനിലുള്ളത്. അഞ്ച് രൂപയാണ് മിനിമം യാത്രാക്കൂലി. ഒരു സര്‍വീസില്‍ 562 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും.
വഡാലയില്‍ നിന്ന് ചെമ്പൂര്‍ വരെയാണ് മോണോ റെയില്‍ കന്നി ഓട്ടം പൂര്‍ത്തിയാക്കിയത്. റോഡ് വഴി 40 മിനിറ്റെടുക്കുന്ന ഈ ദൂരം മോണോ റെയില്‍ വഴി പകുതി സമയം കൊണ്ട് എത്താം.
മുംബൈ മോണോ റെയിലിന്റെ ആദ്യ ഘട്ടത്തിലെ ഒന്നാം ലൈനിന്റെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. സന്ത് ഗാഡ്‌ഗെ മഹാരാജ് ചൗക്കില്‍ നിന്ന് വഡാലെ വരെയുള്ള രണ്ടാമത്തെ ലൈന്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകും.
3000 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചിലവ്. മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലാണ് പദ്ധതി നടത്തിപ്പ്. മലേഷ്യന്‍ കമ്പനിയായ സ്‌കോമി എന്‍ജിനീയറിങ്ങും ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയും ചേര്‍ന്നാണ് മുംബൈ മോണോറെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയത്.