അമരീന്ദര്‍ ബി.ജെ.പിയിലേക്ക്? സിദ്ദുവിനെ വിമര്‍ശിച്ചും അമരീന്ദറിനെ പുകഴ്ത്തിയും ബി.ജെ.പി
National Politics
അമരീന്ദര്‍ ബി.ജെ.പിയിലേക്ക്? സിദ്ദുവിനെ വിമര്‍ശിച്ചും അമരീന്ദറിനെ പുകഴ്ത്തിയും ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd September 2021, 9:53 pm

ഹരിയാന: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ പുകഴ്ത്തി പറഞ്ഞും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ വിമര്‍ശിച്ചും ബി.ജെ.പി നേതാവും ഹരിയാന ആഭ്യന്തരമന്ത്രിയുമായ അനില്‍ വിജ്.

അമരീന്ദര്‍ സിംഗ് പുറത്തായത് രാഷ്ട്രീയ കൊലപാതകമാണെന്ന് അനില്‍ വിജ് വ്യാഴാഴ്ച അഭിപ്രായപ്പെട്ടു.

”ദേശീയവാദിയായ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കളിക്ക് ഒരു തടസമായിരുന്നു, അതിനാലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കൊലപാതകം നടന്നത്,” വിജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിദ്ദുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിജ് നടത്തിയത്. സിദ്ദുവിന് പാകിസ്ഥാന്‍ ബന്ധമുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.

സിദ്ദു പാകിസ്ഥാനില്‍ പോയി ഇമ്രാന്‍ ഖാനെ പുകഴ്ത്തിയെന്നും സൈനിക തലവനെ ചേര്‍ത്ത് കെട്ടിപ്പിടിച്ചെന്നും വിജ് ആരോപിച്ചു.

അമരീന്ദര്‍ സിംഗ് പോകണ്ടെന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് പാകിസ്ഥാനില്‍ പോയതെന്ന ചോദ്യത്തിന് അമരീന്ദര്‍ അല്ല എന്റെ ക്യാപ്റ്റന്‍, രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു സിദ്ദു പറഞ്ഞതെന്നും വിജ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ വൃത്തികെട്ട ഗൂഢാലോചനയെ തടയുന്ന ദേശീയവാദിയായ
അമരീന്ദര്‍ സിംഗിനെതിരെയാണ് കളി നടക്കുന്നതെന്നും അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും വിജ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് അമരീന്ദര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത്. അമരീന്ദറിനെതിരെ ചില എം.എല്‍.എമാരും രംഗത്തുവന്നിരുന്നു. ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞായിരുന്നു അദ്ദേഹം രാജിവെച്ചത്.

എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിദ്ദു എത്താതിരിക്കാന്‍ താന്‍ എന്തും ചെയ്യുമെന്നും സിദ്ദുവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.

അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Nationalist Amarinder Singh’s ouster political murder: Haryana Home Minister Anil Vij