| Thursday, 11th June 2020, 11:14 am

ദേശീയത ബി.ജെ.പിയുടെ കുത്തകയൊന്നുമല്ല; രവിശങ്കര്‍ പ്രസാദിന് മനീഷ് തിവാരിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യാ – ചൈന വിഷയത്തില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് വക്താവ് മനീഷ്   തിവാരി. ദേശീയതയും ദേശസ്‌നേഹവും ബി.ജെ.പിയുടെയോ എന്‍.ഡി.എയുടേയോ കുത്തകയല്ലെന്നും മനീഷ്തിവാരി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം.

ചൈന ഇന്ത്യയിലേക്ക് കടന്നുകയറുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നു പറഞ്ഞ രാഹുലിനോട് ചൈന വിഷയം പോലുള്ള അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത് ട്വിറ്റര്‍പോലുള്ള ഇടങ്ങളിലല്ല എന്നായിരുന്നു രവിശങ്കറിന്റെ മറുപടി.

ബാലകോട്ട് വ്യോമാക്രമണത്തിന്റെയും ഉറി ആക്രമണത്തിന്റെയും തെളിവ് ചോദിച്ച അതേ ആള് തന്നെയാണ് ഇപ്പോഴും രാഹുല്‍ എന്നും രവിശങ്കര്‍ പറഞ്ഞിരുന്നു.

എന്നാല്‍ രവിശങ്കര്‍ രാഹുലിനെതിരെ നടത്തിയ പരാമര്‍ശം വളരെ മോശമായിപ്പോയെന്ന് മനീഷ് തിവാരി പ്രതികരിച്ചു.

സര്‍ക്കാറിനോട് അപ്രിയമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനര്‍ത്ഥം ദേശസ്‌നേഹിയല്ലാ എന്നല്ല, ചോദ്യങ്ങള്‍ മറുപടി പറയാതിരിക്കുന്നതാണ് ദേശസ്‌നേഹമില്ലായ്മ,” തിവാരി പറഞ്ഞു. ഇന്ത്യയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിന് ആരാണ് ഉത്തരവാദിയെന്നും തിവാരി ചോദിച്ചു.

‘ആരാണ് ഇതിന് ഉത്തരവാദികള്‍? സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം തീരുമാനിക്കുമോ? രാജ്യം ഇത് അറിയാന്‍ ആഗ്രഹിക്കുന്നു. ചൈനക്കാര്‍ 40-60 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം അനധികൃതമായി കൈവശപ്പെടുത്തിയെന്നത് വസ്തുതയാണോ?’ തിവാരി ചോദിച്ചു.

ചൈനീസ് സേനയെ നീക്കം ചെയ്യാന്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും തിവാരി പറഞ്ഞു.

ഇന്ത്യാ-ചൈന അതിര്‍ത്തി വിഷയത്തില്‍ നരേന്ദ്ര മോദി മൗനംപാലിക്കുന്നുവെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more