തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയത വിറ്റ് കാശാക്കുകയാണെന്ന ആരോപണവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മലിക് നടത്തിയത് ഗുരുതരമായ ആരോപണമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പുല്‍വാമ സംഭവം നടക്കുമ്പോള്‍ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്. അദ്ദേഹം പറഞ്ഞതെന്താണ്. പുല്‍വാമയില്‍ ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അത് പുറത്ത് പറയരുതെന്നും പാകിസ്ഥാനിനെതിരായ ആയുധമാക്കി മാറ്റിയിട്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും അന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് ബി.ജെ.പി.
അവര്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി ആടിനെ പട്ടിയാക്കും പട്ടിയെ പേപ്പട്ടിയാക്കും. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ് ആയി വരും, വര്‍ഗീയ വാദം പറയും. വര്‍ഗീയത പറയും. വര്‍ഗീയത ഉപയോഗിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.
പുല്‍വാമ സംഭവമുണ്ടായപ്പോള്‍ അന്നത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയത പറഞ്ഞാണ് വോട്ട് നേടിയതെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ മോദിക്ക് എന്ത് യോഗ്യതയാണുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് കിട്ടാനുള്ള ഏറ്റവും വില കുറഞ്ഞ കാപട്യമാണത്. ദേശീയത എന്നത് അവര്‍ക്ക് വോട്ട് കിട്ടാനുള്ള ആയുധം മാത്രമാണ്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ച മറച്ചുവെക്കാനായി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് സത്യപാല്‍ മാലിക് നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് കാരണം ആഭ്യന്തര മന്ത്രാലയത്തിന്റെ നിരുത്തരവാദ സമീപനമാണെന്നും സൈനികരെ കൊണ്ട് പോകാന്‍ സി.ആര്‍.പി.എഫ് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം നിരസിച്ചെന്നും അദ്ദേഹം തുറന്നുപറഞ്ഞു. രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ പ്രശ്നമുള്ളയാളല്ല നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുല്‍വാമ ഭീകരാക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. 300 കിലോ ആര്‍.ഡി.എക്സുമായി ഭീകരവാദി 15 ദിവസത്തോളം കശ്മീരില്‍ ചുറ്റിക്കറങ്ങിയിട്ടും ഒരു ഇന്റലിജന്‍സ് വിഭാഗത്തിനും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്. സി.ആര്‍.പി.എഫ് ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അശ്രദ്ധയാണ്.
content highlight: Nationalism is a weapon for BJP to get votes; Sticking to goat to win elections: K.C. Venugopal