കായിക താരങ്ങളുടെ പ്രതിഷേധത്തില്‍ മുട്ടുകുത്തി കേന്ദ്ര സര്‍ക്കാര്‍; പുതിയ ഭരണസമിതിയെ സസ്പെന്റ് ചെയ്ത് ദേശീയ ഗുസ്തി ഫെഡറേഷന്‍
national news
കായിക താരങ്ങളുടെ പ്രതിഷേധത്തില്‍ മുട്ടുകുത്തി കേന്ദ്ര സര്‍ക്കാര്‍; പുതിയ ഭരണസമിതിയെ സസ്പെന്റ് ചെയ്ത് ദേശീയ ഗുസ്തി ഫെഡറേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th December 2023, 12:16 pm

ന്യൂദല്‍ഹി: പുതിയ ഭരണസമിതിയെ സസ്പെന്റ് ചെയ്ത് ദേശീയ ഗുസ്തി ഫെഡറേഷന്‍. ദേശീയ കായിക മന്ത്രാലയത്തിന്റെ നടപടിയെ തുടര്‍ന്നാണ് ഫെഡറേഷന്റെ തീരുമാനം. ബ്രിജ്ഭൂഷന്റെ വിശ്വസ്തന്‍ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കായിക താരങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്രം മുട്ടുകുത്തുന്നത്.

സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പ്രാബല്യത്തില്‍ വന്നതിന് ശേഷം ദേശീയ, അന്താരാഷ്ട്ര ക്യാമ്പുകളിലേക്കും മറ്റു മത്സരങ്ങളിലേക്കുമുള്ള തീയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചിരുന്നു. അതിവേഗത്തിലുള്ള ഈ നീക്കങ്ങള്‍ ഗുസ്തി ഫെഡറേഷന്റെ ഭരണഘടന പ്രകാരം തെറ്റാണെന്നും ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കായിക മന്ത്രാലയത്തിന്റെ തീരുമാനം.

ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് മുമ്പേ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഭരണസമിതി യോഗം ചേരണമെന്നും 15 ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും അത്യാവശ്യ ഘട്ടമാണെങ്കില്‍ നോട്ടീസ് അയക്കണമെന്നുമാണ് ഗുസ്തി ഫെഡറേഷന്‍ ഭരണഘടന വ്യക്തമാക്കുന്നത്. എന്നാല്‍ ഈ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മത്സരത്തിനായുള്ള തീയതികളും സ്ഥലങ്ങളും പ്രഖ്യാപിക്കുന്നത്.

തിടുക്കത്തിലുള്ള ഫെഡറേഷന്റെ തീരുമാനം ഗുസ്തി താരങ്ങള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കുന്നതില്‍ തടസം ഉണ്ടാക്കുമെന്നും കായിക മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഗസ്റ്റ് മുതല്‍ തെരഞ്ഞെടുപ്പ് നടത്താതെ ബ്രിജ്ഭൂഷന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഗുസ്തി ഫെഡറേഷന്‍ നിയന്ത്രിച്ചിരുന്നത്. അതുപ്രകാരം സമിതി വിലക്ക് നേരിട്ടു.

എന്നാല്‍ വിലക്കിനിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിജ്ഭൂഷന്റെ വിശ്വസ്തര്‍ തന്നെ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് ഫെഡറേഷന്‍ തെരഞ്ഞെടുപ്പും മറ്റു നടപടികളും തങ്ങള്‍ക്ക് നല്‍കിയ വാക്കുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കായിക താരങ്ങള്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ത്തി. പുതിയ സമിതി നിലവില്‍ വന്നതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഒളിമ്പിക്സ് ജേതാവും ഗുസ്തി താരവുമായ ബജ്‌റംഗ് പൂനിയ തനിക്ക് ലഭിച്ച പത്മ പുരസ്‌കാരവും ഒളിമ്പിക്സ് മെഡലും സര്‍ക്കാരിന് തിരികെ നല്‍കിയിരുന്നു.

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നേരത്തെ 40 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന സമരം ഗുസ്തി താരങ്ങള്‍ നടത്തിയിരുന്നു. ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തിന് ലഭിച്ച മെഡലുകള്‍ നദിയിലൊഴുക്കാന്‍ വരെ താരങ്ങള്‍ തീരുമാനിച്ചിരുന്നു.

Content Highlight: National Wrestling Federation suspends new governing body