| Wednesday, 21st February 2018, 9:13 pm

ദേശീയ വോളി: രാജസ്ഥാനെ പരാജയപ്പെടുത്തി കേരളത്തിനു വിജയത്തുടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കേരളത്തിനു വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. സ്‌കോര്‍: 25-20, 25-13, 25-13. ആദ്യ സെറ്റിലൊഴികെ രണ്ടും മൂന്നും സെറ്റുകളില്‍ രാജസ്ഥാന് യാതൊരു അവസരവും നല്‍കാതെയാണ് കേരള ടീമിന്റെ വിജയം.

സെന്റര്‍ ബ്ലോക്കര്‍മാരായ അഖിന്റെയും രോഹിത്തിന്റെയും മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് രാജസ്ഥാന്‍ ആക്രമണങ്ങളെ കേരളം തടഞ്ഞത്. യുവതാരങ്ങളായ അജിത് ലാലും മുത്തുസ്വാമിയും ആതിഥേയര്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

ബ്ലോക്കിങ്ങിലും ഫിനിഷിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത അഖിന്‍ ജി.എസ്സാണ് കളിയിലെ താരം. കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ കേരളത്തിനു ശുഭപ്രതീക്ഷ നല്‍കുന്നതാണ് ആദ്യ മത്സരത്തിലെ താരങ്ങളുടെ പ്രകടനം.

കേരളത്തിന്റെ പുരുഷ ടീം പഞ്ചാബ്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ ടീമുകള്‍ ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ്. വനിതകള്‍ ബി ഗ്രൂപ്പില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നിവര്‍ക്കൊപ്പമാണ് പോരാട്ടത്തിനിറങ്ങുന്നത്.

വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് ആന്ധ്രയുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. ഇന്നു നടന്ന മറ്റു മത്സരങ്ങളില്‍ പശ്ചിമ ബംഗാള്‍ ജാര്‍ഖണ്ഡിനെയും കര്‍ണാടകം പോണ്ടിച്ചേരിയെയും വനിതാ വിഭാഗത്തില്‍ ദല്‍ഹി ജമ്മു കശ്മീരിനെയും തോല്‍പ്പിച്ചു.

We use cookies to give you the best possible experience. Learn more