| Saturday, 24th February 2018, 11:29 pm

ദേശീയ വോളിബോള്‍: ക്വാര്‍ട്ടര്‍ ലൈനപ്പുകളായി; ഇരുവിഭാഗത്തിലും കേരളത്തിന്റെ എതിരാളികള്‍ ഹരിയാന

സ്പോര്‍ട്സ് ഡെസ്‌ക്

കോഴിക്കോട്: 66-ാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ കേരള പുരുഷ- വനിതാ ടീമുകള്‍ ഹരിയാനയോട് ഏറ്റുമുട്ടും. കോഴിക്കോട് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ ഉച്ചയ്ക്കുശേഷമാണു മത്സരങ്ങള്‍. ഉച്ചയ്ക്ക് മൂന്നിന് കോര്‍ട്ട് രണ്ടില്‍ കേരള വനിതകളുടെ മത്സരവും അഞ്ചിന് കോര്‍ട്ട് ഒന്നില്‍ പുരുഷവിഭാഗം മത്സരവുമാണ് നടക്കുക.

നിലവിലെ ചാമ്പ്യന്‍മാരായ കേരള പുരുഷന്‍മാര്‍ പഞ്ചാബുമായി നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് കേരളത്തിന്റെ കിരീടപ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ്.

ക്യാപ്റ്റന്‍ ജെറോം വിനീതും അജിത്ത്ലാലും അഖിനും അറ്റാക്കിങ്ങിലും ബ്ലോക്കിങ്ങിലും മികച്ച ഫോമിലാണ്. മുന്‍ ക്യാപ്റ്റന്‍ വിബിന്‍ ജോര്‍ജും ലിബറോ രതീഷും സെറ്റര്‍ മുത്തുസാമിയും ചേരുന്നതോടെ ഏതു വെല്ലുവിളിയും മറികടക്കാന്‍ കഴിവുള്ള ടീമായി കേരളം മാറിയിരിക്കുകയാണ്.

ഇന്നു നടന്ന മത്സരങ്ങളില്‍ വനിതാവിഭാഗത്തില്‍ അഞ്ചു സെറ്റിലേക്കു നീണ്ട പോരാട്ടത്തി നൊടുവില്‍ 3-2 നു ഗുജറാത്തിനെ പരാജയപ്പെടുത്തി കര്‍ണാടക ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍(25-17, 19-25, 22-25, 25-22, 15-7). ഹരിയാനയും ദല്‍ഹിയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ 3-0 നു ഹരിയാന വിജയിച്ചു. കര്‍ണാടകയും ഉത്തര്‍പ്രദേശും തമ്മിലുളള മത്സരത്തില്‍ 3-0 ന് കര്‍ണാടകയും ഹരിയാനയും ആന്ധ്രപ്രദേശും തമ്മിലുളള ഏറ്റുമുട്ടലില്‍ 3-1 ന് ഹരിയാനയും വിജയിച്ചു.

പുരുഷ വിഭാഗത്തില്‍ കര്‍ണാടകയും ഉത്തരാഖണ്ഡും തമ്മില്‍ അഞ്ചു സെറ്റുകളിലായി വാശിയേറിയ ഏറ്റുമുട്ടലില്‍ 3-2 നു കര്‍ണാടക ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി. സ്‌കോര്‍(21-25, 25-16, 22-25, 25-16, 15-9).

നാളെ നടക്കുന്ന മറ്റു മത്സരങ്ങളില്‍ വനിതാവിഭാഗത്തില്‍ ഒരു മണിയ്ക്ക് നിലവിലെ ചാമ്പ്യന്‍മാരായ റെയില്‍വേസ് കര്‍ണാടകയെയും അഞ്ചിന് മഹാരാഷ്ട്ര വെസ്റ്റ് ബംഗാളിനെയും, ഏഴിനു തമിഴ്നാട് തെലങ്കാനയെയും നേരിടും.

പുരുഷവിഭാഗം ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ ഒരു മണിക്ക് തമിഴ്നാട് ആന്ധ്രപ്രദേശുമായും മൂന്നിനു പഞ്ചാബ് സര്‍വീസസുമായും ഏഴിനു റെയില്‍വേസ് കര്‍ണാടകയുമായും ഏറ്റുമുട്ടും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സെമിഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും.

We use cookies to give you the best possible experience. Learn more