ബി.ജെ.പി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന നുണ ഇനി ചിലവാകില്ല; അനിലിനെ പോലെ കുറെയാളുകള്‍ ഇനിയും വരും: എ.പി. അബ്ദുള്ളക്കുട്ടി
Kerala News
ബി.ജെ.പി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന നുണ ഇനി ചിലവാകില്ല; അനിലിനെ പോലെ കുറെയാളുകള്‍ ഇനിയും വരും: എ.പി. അബ്ദുള്ളക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th April 2023, 5:24 pm

തിരുവനന്തപുരം: അനില്‍ ആന്റണിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. അഴിമതിയുടെ കറപുരളാത്ത എ.കെ. ആന്റണിയുടെ മകന് ചേരാന്‍ പറ്റിയ പ്രസ്ഥാനം നരേന്ദ്രമോദിയുടെ ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ ദേശസ്‌നേഹിയായ ഒരു യുവാവാണെന്നെന്നും ബി.ജെ.പി ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന നുണ ഇനി ഇവിടെ ചിലവാകില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘ദേശീയ പ്രസ്ഥാനത്തിലേക്ക് സ്വാഗതം. ആദര്‍ശധീരനായ അഴിമതിയുടെ കറപുരളാത്ത എ.കെ. ആന്റണി എന്ന ഒരച്ഛന്റെ മകനാണ് അനില്‍. എന്തുകൊണ്ടും ആ മകന് ഇന്ന് ചേരാന്‍ പറ്റിയ പ്രസ്ഥാനം നരേന്ദ്ര മോദിയുടെ അഴിമതി രഹിത പാര്‍ട്ടിയാണ്. അനില്‍ ദേശസ്‌നേഹിയായ ഒരു യുവാവാണെന്ന് ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരിച്ചു തെളിയിച്ചിട്ടുണ്ട്.

അനിലിനെ പോലെ കുറെയാളുകള്‍ ബി.ജെ.പിയിലേക്ക് ഇനിയും വരും, നേതാക്കള്‍ മാത്രമല്ല അണികളും. ബി.ജെ.പി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന നുണ ഇനി ഇവിടെ അധികം ചിലവാകില്ല.

ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ പറഞ്ഞത് കേരളത്തിലെ ന്യൂനപക്ഷങ്ങളും ബി.ജെ.പിയും തമ്മിലുള്ള തെറ്റിധാരണ തിരുത്താന്‍ ശ്രമിക്കും എന്നായിരുന്നു. ആ എളിയ പരിശ്രമങ്ങള്‍ ലക്ഷ്യം കണ്ടു തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ അടിവേര് മാന്തി പുറത്തെടുക്കുക തന്നെ ചെയ്യും. കോണ്‍ഗ്രസ് മുക്ത ഭാരതം ഉണ്ടാകും,’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം, എ.കെ. ആന്റണിയുടെ മകനെന്നതിനപ്പുറം അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുമല്ലെന്നും അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നതില്‍ കോണ്‍ഗ്രസിന് പ്രശ്നമില്ലെന്നുമായിരുന്നു വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റ്
കെ. സുധാകരന്റെ പ്രതികരണം.