| Wednesday, 22nd January 2020, 8:07 am

ദേശീയ പണിമുടക്ക് ദിവസം ഹാജരാകാതിരുന്നത് ശമ്പളത്തെ ബാധിക്കില്ല: കേരള സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം ഹാജരാകാതിരുന്ന ജീനവക്കാര്‍ക്ക് അന്നേ ദിവസത്തെ ശമ്പളം നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി എട്ടിന് ഹാജരാകാന്‍ കഴിയാതിരുന്നത് ആ ദിവസത്തെ ശമ്പളത്തെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

പണിമുടക്ക് ദിവസം ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് ശമ്പളം നിഷേധിക്കരുതെന്ന് ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കിന് ധനകാര്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കും വിലക്കയറ്റത്തിനും എതിരെ രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് വിളിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും പണിമുടക്ക് വലിയ വിജയമായിരുന്നു.കേരളത്തിലും സമാനമായ സ്ഥിതിയായിരുന്നു. എല്ലാ ജില്ലകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. കെ.എസ്.ആര്‍.ടി.സിയും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തൊഴിലാളികളും കര്‍ഷകരും കേന്ദ്ര സംസ്ഥാന ജീവനക്കാരും വ്യാപാരികളും വിദ്യാര്‍ഥികളും യുവജനങ്ങളും ഉള്‍പ്പെടെ 30 കോടിയോളം പേര്‍ പണിമുടക്കില്‍ പങ്കെടുത്തത്. തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നിശ്ചയിക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമം മുതലാളികള്‍ക്കനുകൂലമായി ഭേദഗതി ചെയ്യരുത്, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, കര്‍ഷക കടങ്ങള്‍ എഴുതിതള്ളുക, തൊഴിലില്ലായ്മ പരിഹരിക്കുക, വര്‍ഗീയത തടയുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.ടി.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, എ.ഐ.സി.ടി.യു, യു.ടി.യു.സി, ടി.യു.സി.സി, കെ.ടി.യു.സി, ഐ.എന്‍.എല്‍.സി, എന്‍.എല്‍.ഒ.ഒ, എന്‍.എല്‍.സി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നായിരുന്നു പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നത്.

We use cookies to give you the best possible experience. Learn more