ന്യൂദല്‍ഹി: ‘രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായര്‍ രാത്രി 12ന് ആരംഭിക്കും. ചൊവ്വ രാത്രി 12 വരെയാണ് പണിമുടക്ക്.
കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്.
എല്ലാ പ്രധാന വ്യവസായമേഖലകളിലെയും മാനുഫാക്ചറിങ്, വൈദ്യുതി, കല്‍ക്കരി, ബാങ്ക്, ഇന്‍ഷുറന്‍സ്, ട്രാന്‍സ്പോര്‍ട്ട്, തുറമുഖങ്ങള്‍, നിര്‍മാണം, അസംഘടിതമേഖല തുടങ്ങിയ രംഗങ്ങളിലെയെല്ലാം തൊഴിലാളികള്‍ ഒരുമിച്ചാണ് പണിമുടക്കില്‍ അണിനിരക്കുന്നത്. കര്‍ഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും ബി.എസ്.എന്‍.എല്‍, എല്‍.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകളും പണിമുടക്കും.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള കേന്ദ്ര എക്സൈസ് തീരുവ വെട്ടിക്കുറക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയര്‍ത്തുക, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷം സംയുക്ത കിസാന്‍ മോര്‍ച്ച സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവെക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള കേന്ദ്ര എക്സൈസ് നികുതി വെട്ടിക്കുറയ്ക്കുക, വിലക്കയറ്റം തടയുക, സമ്പന്നര്‍ക്കുമേല്‍ സമ്പത്ത് നികുതി (വെല്‍ത്ത് ടാക്‌സ്) ചുമത്തുക, ദേശീയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.