[]ധാക്ക: ആയുധ കള്ളക്കടത്ത് കേസില്‍ ഉള്‍ഫ നേതാവ് പരേഷ് ബറുവക്കൊപ്പം തങ്ങളുടെ നേതാവിനും വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് ജമാഅതെ ഇസ്‌ലാമി ബംഗ്ലാദേശില്‍ തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി നേതാവും മുന്‍ മന്ത്രിയുമായ മാതി ഉര്‍ റഹ്മാന്‍ നിസാമിക്കെതിരെ സര്‍ക്കാര്‍ ഗൂഢാലോചന നടത്തികെട്ടിച്ചമച്ച ആരോപണങ്ങളുന്നയിച്ച് വിചാരണ നടത്തുകയായിരുന്നെന്ന് ജമാഅത് നേതാക്കള്‍ ആരോപിച്ചു.
ഇന്ത്യയില്‍ അസ്സമിനെ വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന വിഘടനവാദി സംഘടനയായ ഉള്‍ഫക്ക് ആയുധം എത്തിച്ചു നല്‍കിയ കേസിലാണ് വധശിക്ഷ വിധിച്ചത്.
2004ല്‍ മത്സ്യ ബന്ധന ബോട്ടുകളില്‍ നാലായിരത്തോള തോക്കുകള്‍, റോക്കറ്റുകള്‍, പത്ത് ലക്ഷത്തിലേറെ ആയുധങ്ങള്‍, മുതലായവ കടത്തിയതാണ് കേസിനാസ്പദമായ സംഭവം. രാജ്യം കണ്ട ഏറ്റവും വലിയ ആയുധക്കടത്തെന്നാണ് കേസ് അറിയപ്പെട്ടിരുന്നത്.
വിഘടനവാദ സംഘടനയായ ഉള്‍ഫക്ക് വേണ്ടി കടത്താന്‍ ശ്രമിച്ച ആയുധങ്ങളാണ് ഇവയെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
2001-06 കാലഘട്ടങ്ങളില്‍ വ്യവസായ മന്ത്രിയായിരുന്ന റഹ്മാന്‍ നിസാമി 1971ല്‍ നടന്ന വിമോചനസമരങ്ങളുടെ പേരില്‍ നടന്ന കുറ്റകൃത്യങ്ങളിലും വിചാരണ നേരിടുന്നുണ്ട്.
അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്നും സര്‍ക്കാരിന്റെ ഗൂഡാലോചനയുടെ ഭാഗമാണെന്നുമാണ് ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചത്. കോടതി ജനങ്ങളെ കൊന്നൊടുക്കുകയാണെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ജമാഅത്തെ നേതാവ് വ്യക്തമാക്കി.