ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും സംയുക്ത തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. പാര്‍ലമെന്റിലേക്ക് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടക്കും.
കഴിഞ്ഞ ദിവസം തുടക്കമിട്ട 48 മണിക്കൂര്‍ പണിമുടക്കില്‍ പൊതുഗതാഗതം സ്തംഭിച്ചിരുന്നു. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികമായിരുന്നു. മഹാരാഷ്ട്രയിലെ ബെസ്റ്റ് ബസ് സര്‍വീസ് തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.
കേരളത്തില്‍ സ്വകാര്യവാഹനങ്ങള്‍ ഓടിയെങ്കിലും പണിമുടക്ക് ഹര്‍ത്താലിന് സമാനമായിരുന്നു. ഒഡീഷ അടക്കമുള്ളിടങ്ങളില്‍ ട്രെയിന്‍ തടയല്‍ നടന്നതിനെ തുടര്‍ന്ന് പല ട്രെയിനുകളും റദ്ദാക്കി. ദേശീയപാത ഉപരോധിച്ചുള്ള സമരം ഇന്നും തുടര്‍ന്നേക്കും.
20 കോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്‍ വ്യക്തമാക്കുന്നത്. ജി.എസ്.ടി, നോട്ട് നിരോധനം അടക്കമുള്ളവ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയായെന്നത് അടക്കമുള്ള കാര്യങ്ങള്‍ പണിമുടക്കില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി അടക്കമുള്ള സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ബാങ്കിങ്, ഇന്‍ഷുറന്‍സ്, അധ്യാപക സംഘടനകളും കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരുടെ സംഘടനകളും പങ്കെടുക്കുന്നുണ്ട്.
WATCH THIS VIDEO: