കോഴിക്കോട്: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ കേരളാ ടീമുകള്‍ക്ക് വിജയം. പുരുഷ ടീം ആന്ധ്രപ്രദേശിനേയും വനിതകള്‍ ഉത്തര്‍പ്രദേശിനേയുമാണ് പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടത്തിനൊടവിലായിരുന്നു പുരുഷ ടീമിന്റെ ജയം. ആദ്യ രണ്ട് സെറ്റുകള്‍ വിയര്‍ത്തു നേടിയ കേരളം മൂന്നാം സെറ്റില്‍ ആധികാരിക ജയം നേടുകയായിരുന്നു. സ്‌കോര്‍: 27- 25, 25- 23, 25-14.
മികച്ച ബ്ലോക്കുകളാണ് കേരളത്തിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയമൊരുക്കിയത്. അഖിനും വിപിനും ജറോം വിനീതും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആന്ധ്രയ്ക്ക് വേണ്ടി മുന്‍ ഇന്ത്യന്‍ താരം സുബ്ബറാവു മികച്ച കളിയാണ് പുറത്തെടുത്തത്.
ആദ്യ സെര്‍വ് മുതല്‍ ഒപ്പം മുന്നേറിയ ആന്ധ്രക്കെതിരെ ഏറെ വിയര്‍ത്താണ് കേരളം സെറ്റ് സ്വന്തമാക്കിയത്. 27-25 നാണ് കേരളം സെറ്റ് നേടിയത്. ഒരു ഘട്ടത്തില്‍ 9-9 , 15-15, 18-18, 23- 23 എന്നിങ്ങനെ ആന്ധ്ര കേരളത്തെ തളച്ചിരുന്നു. 24- 25 ന് ആന്ധ്ര മുന്നിലെത്തുകയും ചെയ്‌തെങ്കിലും ചാമ്പ്യന്‍മാരുടെ കളി പുറത്തെടുത്ത കേരളം 27- 25 ന് സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിലും കേരളത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. 10-10 ന് സമനില പിടിച്ച അന്ധ്ര 10-11 ന് മുന്നിലെത്തിയെങ്കിലും കേരളം സെറ്റ് പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് കേരള വനിതകള്‍ ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തിയത്. എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെയായിരുന്നു കേരളത്തിന്റെ പോരാട്ടം. സ്‌കോര്‍ 25-15, 25-10, 25- 14