ബെഗളൂരു: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേയ്‌സിന് പുരുഷ വനിതാ വിഭാഗങ്ങളില്‍ ജയം. ഇരു വിഭാഗങ്ങളിലും കേരളത്തെ പരാജയപ്പെടുത്തിയാണ് റെയില്‍വേയ്‌സ് ഇരട്ട വിജയം കൈവരിച്ചത്. വനിതാ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് റെയില്‍വേയ്‌സ് കേരളത്തെ പരാജയപ്പെടുത്തിയത്. പുരുഷവിഭാഗത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളം പരാജയപ്പെട്ടത്.
വനിതാ വിഭാഗത്തില്‍ ആദ്യ സെറ്റ് നേടിയെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ റെയില്‍വേയ്‌സിന്റെ കളിമിടുക്കിന് മുന്നില്‍ കേരളം പതറുകയായിരുന്നു. 19-25, 25-21-, 25-20, 25-17 എന്നിങ്ങനെയാണ് വനിതാവിഭാഗം ഫൈനലിലെ സ്‌കോര്‍. 2007ലാണ് കേരള ടീം അവസാനമായി ദേശീയ ചാമ്പ്യന്‍മാരായിട്ടുള്ളത്. സെമിയില്‍ ബംഗാളിനെയാണ് കേരള വനിതാടീം പരാജയപ്പെടുത്തിയത്.
പഞ്ചാബിനെതിരെ രണ്ട് ഗെയിം പരാജയപ്പെട്ടതിന് ശേഷം തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ കരസ്ഥമാക്കിയാണ് കേരള പുരുഷ ടീം ഫൈനലിലെത്തിയതെങ്കിലും റെയില്‍വേയ്‌സിന് മുന്നില്‍ അവര്‍ക്കും അടിപതറി. 25–19, 25–27, 20–25, 25–20, 16–14 എന്നിങ്ങനെയാണ് സ്‌കോര്‍. 2012ന് ശേഷം പുരുഷടീമിനും ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടാനായിട്ടില്ല. സെമിയില്‍ തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ് പുരുഷടീം ഫൈനലിലെത്തിയത്.