ന്യൂദല്‍ഹി: ഭീകരതയേയും തീവ്രവാദത്തേയും ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്താനാകില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എന്‍.എസ്.എ) അജിത് ഡോവല്‍. അക്രമത്തിന്റെ പാത സ്വീകരിക്കുന്ന എല്ലാവരെയും പ്രതിരോധിക്കാന്‍ ആത്മീയ, മതനേതാക്കള്‍ക്ക് കടമയുണ്ടെന്നും അജിത് ഡോവല്‍ പറഞ്ഞു.
ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ മതനേതാക്കളുടെയും പണ്ഡിതന്മാരുടെയും നയതന്ത്രജ്ഞരുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തീവ്രവാദം ഒരു മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നല്ല. അതിലേക്ക് വഴിതെറ്റുന്നത് വ്യക്തിപരമാണ്. അങ്ങനെയുള്ളവര്‍ ഏതെങ്കിലും മതത്തിലോ വിശ്വാസത്തിലോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലോ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അത് തിരുത്താന്‍
ആത്മീയ, മത നേതാക്കള്‍ക്ക് ബാധ്യതയുണ്ട്. അക്രമത്തിന്റെ പാത ഫലപ്രദമായി നേരിടാന്‍ അവര്‍ക്ക് കഴിയും,’ അജിത് ഡോവല്‍ പറഞ്ഞു.
മതപരമോ വംശപരമോ സാംസ്‌കാരികമോ ആയ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും ഇടം നല്‍കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യം. ഇന്ത്യയില്‍ ഒരു മതവും ഭീഷണി നേരിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയില്‍ ഒരു മതത്തിനും ഭീഷണിയില്ല. അഭിമാനകരമായ ഒരു നാഗരികത നമ്മുടെ
രാഷ്ട്രത്തിനുണ്ട്. വെല്ലുവിളികളെ നേരിടാന്‍ സഹിഷ്ണുത, സംഭാഷണം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ കഴിയും എന്നത് നമ്മള്‍ വിശ്വസിക്കുന്നു. ആഗോള ഭീകരതയില്‍ ഇന്ത്യന്‍ പൗരന്മാരുടെ പങ്കാളിത്തം വളരെ കുറവാണ്. ഇത് ചെറിയ കാര്യമല്ല,’ഡോവല്‍ പറഞ്ഞു.
ജനാധിപത്യ രാജ്യമെന്ന നിലയില്‍ മതപരമോ വംശീയമോ സാംസ്‌കാരികമോ ആയ പശ്ചാത്തലങ്ങള്‍ക്ക് എതെങ്കിലും തരത്തിലുള്ള ഒരു വേര്‍തിരിവ് രാജ്യത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ഭാഷകളുടെയും യോജിപ്പില്‍ നിലകൊള്ളുന്ന ഒരു കലവറയാണ്.
ഒരു സമ്പൂര്‍ണ ജനാധിപത്യമെന്ന നിലയില്‍, മതപരമോ വംശീയമോ സാംസ്‌കാരികമോ ആയ പശ്ചാത്തലങ്ങള്‍ കണക്കിലെടുക്കാതെ എല്ലാ പൗരന്മാര്‍ക്കും ഇടം നല്‍കാന്‍ ഇന്ത്യക്ക് കഴിയുന്നുണ്ട്. തുല്യ അവകാശങ്ങള്‍, തുല്യ അവസരങ്ങള്‍, തുല്യ ഉത്തരവാദിത്തങ്ങള്‍ എന്നീ തത്വങ്ങളിലാണ് രാഷ്ട്രം നിലകൊള്ളുന്നത്,’ അജിത് ഡോവല്‍ പറഞ്ഞു.
Content Highlight: National Security Adviser (NSA) Ajit Doval said that terrorism and extremism cannot be linked with any religion