| Tuesday, 15th January 2019, 9:06 am

ബുലന്ദ്ശഹറില്‍ ഗോവധത്തിന് പിടിയിലായവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു; പൊലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയവര്‍ക്ക് തലോടല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ബുലന്ദ്ശഹറില്‍ ബജ്‌റംഗദള്‍ നേതാവിന്റെ ഗോവധ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു യുവാക്കള്‍ക്കെതിരെ യു.പി പൊലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തി. അസ്ഹര്‍, മെഹബൂബ്, നദീം എന്നിവര്‍ക്കെതിരെയാണ് നടപടി. കടുത്ത നിയമം ചുമത്തിയതോടെ ഇവര്‍ക്ക് ഇനി ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായി.

എന്നാല്‍ കലാപക്കേസിലെ മുഖ്യപ്രതിയും പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തുകയും ചെയ്ത ബജ്‌റംഗദള്‍ ജില്ലാ നേതാവ് യോഗേഷ് രാജ് അടക്കമുള്ളവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. യോഗേഷ് രാജിന്റെ പരാതിയിലാണ് പൊലീസ് ഗോവധക്കേസ് എടുത്തിട്ടുള്ളത്.

പൊതുസമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ദേശീയ സുരക്ഷാ നിയമത്തിലെ 3 സബ്‌സെക്ഷന്‍ 3 ചുമത്തിയിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനൂപ് ഝാ പറഞ്ഞു. നിയമവിരുദ്ധമായി പണം സമ്പാദിക്കാന്‍ പ്രതികള്‍ ഗോവധം നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നതായും അനൂപ് ഝാ പറഞ്ഞു.

അതേസമയം ജില്ലയില്‍ റിപ്പബ്ലിക്ക്, മകര സംക്രാന്തി ആശംസകള്‍ അറിയിച്ച് കൊണ്ട് വി.എച്ച്.പിയും ബജ്‌റംഗദളും യോഗേഷ് രാജ് ഉള്‍പ്പടെയുള്ളവരുടെ ചിത്രം വെച്ച് പോസ്റ്ററുകള്‍ ഇറക്കിയിട്ടുണ്ട്.

യോഗേഷ് രാജിനെ കൂടാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളായ സതീഷ് ലോധി, ആശിഷ് ചൗഹാന്‍, സത്യേന്ദ്ര രാജ്പുത്, വിശാല്‍ ത്യാഗി എന്നിവരാണ് പോസ്റ്ററിലുള്ളത്.

We use cookies to give you the best possible experience. Learn more