ഐ.എന്‍.എല്ലിലെ ഐക്യ പ്രഖ്യാപനം ഓട്ടയടയ്ക്കല്‍ മാത്രം; പാര്‍ട്ടി വിടാനൊരുങ്ങി നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്
Kerala News
ഐ.എന്‍.എല്ലിലെ ഐക്യ പ്രഖ്യാപനം ഓട്ടയടയ്ക്കല്‍ മാത്രം; പാര്‍ട്ടി വിടാനൊരുങ്ങി നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th September 2021, 5:48 pm
പതിനഞ്ചാം കേരള നിയമസഭയില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലാണ് താനൂരില്‍ നിന്നും മത്സരിച്ച് ജയിച്ചത്.

കോഴിക്കോട്: ഐ.എന്‍.എല്‍ വിടാനൊരുങ്ങി നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്. നിരന്തര കലഹവും ഗ്രൂപ്പ് പോരും തുടരുന്ന ഐ.എന്‍.എല്ലുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്നും എന്‍.എസ്.സി പുനരുജ്ജീവിപ്പിക്കുകയാണെന്നും പഴയകാല നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒരു നിലയ്ക്കും യോജിച്ചുപോകാനാകാത്ത രീതിയില്‍ ഐ.എന്‍.എല്ലിലെ ഗ്രൂപ്പ് പോരും തമ്മിലടിയും രൂക്ഷമാവുകയാണെന്നും സി.പി.ഐ.എം- എല്‍.ഡി.എഫ് നേതൃത്വങ്ങളുടെ മധ്യസ്ഥ ശ്രമങ്ങള്‍ അംഗീകരിക്കുവാന്‍ ഐ.എന്‍.എല്ലിലെ ഇരു വിഭാഗവും ഇനിയും തയ്യാറായിട്ടില്ലെന്നും എന്‍.എസ്.സി നേതാക്കള്‍ ആരോപിച്ചു.

ഐ.എന്‍.എല്ലിലെ  ഐക്യ പ്രഖ്യാപനം ഓട്ടയടയ്ക്കല്‍ മാത്രമാണെന്നും നേതൃരംഗത്തെ അധികാര വീതംവെപ്പ് ലക്ഷ്യമാക്കി നടത്തുന്ന താത്ക്കാലിക ഏച്ചുകെട്ടല്‍ മാത്രമാണെന്നുമുള്ള രൂക്ഷവിമര്‍ശനങ്ങള്‍ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു.

ഇടതുപക്ഷത്തിന് അപമാനമാകുന്ന നിലയില്‍ ഐ.എന്‍.എല്ലില്‍ തെരുവുയുദ്ധങ്ങള്‍ നിത്യ സംഭവമായി മാറിയെന്നും മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരാള്‍ക്കും തുടരാനാകാത്ത നിലയില്‍ ഐ.എന്‍.എല്‍ അപചയത്തിന്റെ പടുകുഴിയില്‍ വീണിരിക്കുകയാണെന്നും എന്‍.എസ്.സി കുറ്റപ്പെടുത്തി.

ആദര്‍ശവാനായ സേട്ട് സാഹിബ് രൂപം നല്‍കിയ ഐ.എന്‍.എല്‍ ഇപ്പോള്‍ കുറച്ച് കോഴസമ്പാദകരും അധികാരമോഹികളും കയ്യടക്കിയെന്നും എന്‍.എസ്.സി പറഞ്ഞു.

പുരോഗമനപരവും സ്ത്രീപക്ഷവുമായ നിലപാട് ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ നേതൃത്വം വേട്ടയാടിയ ഹരിത പ്രവര്‍ത്തകര്‍ അടക്കമുള്ള സമാന ആശയക്കാരെ മുഴുവന്‍ ഒപ്പം കൂട്ടിയുള്ള വലിയൊരു രാഷ്ട്രീയ മുന്നേറ്റത്തിനാണ് എന്‍.എസ്.സി ആഗ്രഹിക്കുന്നതെന്നും നേതൃത്വത്തിന്റെ സ്വേച്ഛാധിപത്യ നിലപാടിനോട് വിയോജിപ്പുള്ള വലിയൊരു വിഭാഗം ലീഗ് നേതാക്കളും പ്രവര്‍ത്തകരും എന്‍.എസ്.സിക്ക് കരുത്ത് പകരുമെന്നും
എന്‍.എസ്.സി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുമുന്നണി വിപുലീകരണത്തിന്റെ ഭാഗമായി 2019 മാര്‍ച്ച് 30ന് ആണ് എന്‍.എസ്.സി ഐ.എന്‍.എല്ലില്‍ ലയിക്കുന്നത്. നിലവിലെ കുന്ദമംഗലം എം.എല്‍എയായ പി.ടി.എ. റഹീമായിരുന്നു എന്‍.എസ്.സിയുടെ സ്ഥാപകനേതാവ്.

പാര്‍ട്ടി ഐ.എന്‍.എല്ലില്‍ ലയിച്ചപ്പോള്‍ എന്‍.എസ്.സിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇടതു സ്വതന്ത്രന്‍ എന്ന നിലയിലാണ് പി.ടി.എ. റഹീം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. പതിനഞ്ചാം കേരള നിയമസഭയില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലാണ് താനൂരില്‍ നിന്നും മത്സരിച്ച് ജയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: National Secular Conference to leave INL