| Wednesday, 3rd February 2016, 7:13 am

ദേശീയ സ്‌കൂള്‍ കായികമേള; കേരളത്തിന് കിരീടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 61ാമത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം. പത്തൊമ്പതാം തവണയാണ് കേരളം കായിക കിരീടം സ്വന്തമാക്കുന്നത്. താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ആതിഥേയരായ കേരളത്തിന് സാധിച്ചു. കേരളം 39 സ്വര്‍ണവും 29 വെള്ളിയും 17 വെങ്കലവും അടക്കം 306 പോയിന്റ് നേടി.

അതേസമയം രണ്ടാം സ്ഥാനക്കാരായ തമിഴ്‌നാട്  11 സ്വര്‍ണവും, എട്ട് വെള്ളിയും 13 വെങ്കലവും അടക്കം 116 പോയിന്റ് മാത്രമാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്ര  9 സ്വര്‍ണവും 11 വെള്ളിയും 15 വെങ്കലവുമടക്കം 101 പോയിന്റും നേടി.

ഹൈജമ്പിലും ലോങ് ജമ്പിലും ട്രിപ്പിള്‍ ജമ്പിലും സ്വര്‍ണം നേടിയ ലിസ്ബത്ത് കരോലിന്‍ ജോസഫാണ് അവസാന ദിവസത്തെ താരം. ദേശീയ റെക്കോഡോടെയാണ് കരോലിന്‍ ഹാട്രിക് സ്വന്തമാക്കിയത്. കേരളത്തിന്റെ കെ.എസ് അനന്തവും അബിത മേരി മാന്വലുമാണ് മേളയുടെ താരങ്ങള്‍. സീനിയര്‍ വിഭാഗത്തില്‍ സി ബബിത, ബിബിന്‍ ജോര്‍ജ് (കേരളം) എന്നിവരും സബ്ജൂനിയര്‍ വിഭാഗത്തില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫ്( കേരളം), സി അജിത്ത് കുമാര്‍( തമിഴ്‌നാട്) എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ തായ് ബാംഹാനെ ( മഹാരാഷ്ട്ര), നീസാര്‍ അഹമ്മദ്(ദല്‍ഹി) എന്നിവര്‍ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

We use cookies to give you the best possible experience. Learn more