| Sunday, 17th November 2024, 8:52 pm

മണിപ്പൂരില്‍ കലാപം നിയന്ത്രിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടു; പിന്തുണ പിന്‍വലിച്ച് സഖ്യകക്ഷിയായ എന്‍.പി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: കുകി-മെയ്തി സംഘര്‍ഷം രൂക്ഷമാകുന്ന മണിപ്പൂരില്‍ രാഷ്ട്രീയ അട്ടിമറി. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഭരണകക്ഷിയായ എന്‍.ഡി.എ ഗവണ്‍മെന്റ് പരാജയപ്പെട്ടെന്ന് കാണിച്ച് സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നദ്ദയ്ക്ക് അയച്ച കത്തിലാണ് എന്‍.പിപി ദേശീയ അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ്. കെ. സാംഗ്മ ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പൂരിലെ നിലവിലെ ക്രമസമാധാന നിലയില്‍ പാര്‍ട്ടി ആശങ്കാകുലരാണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി നിരപരാധികളുടെ ജീവനാണ് സംഘര്‍ഷത്തില്‍ നഷ്ടമായതെന്നും എന്‍.പി.പി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.

ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിലും ക്രമസമാധാനനില പുനസ്ഥാപിക്കുന്നതിലും പരാജയപ്പെട്ടുവെന്നാണ് തങ്ങള്‍ക്ക് തോന്നുന്നതെന്നും കത്തില്‍ പറയുന്നു. അതിനാല്‍ സര്‍ക്കാരില്‍ എന്‍.പി.പിക്കുള്ള പിന്തുണ പൂര്‍ണമായും പിന്‍വലിക്കുകയാണെന്നും പാര്‍ട്ടി വ്യക്തമാക്കി.

60 അംഗങ്ങള്‍ ഉള്ള മണിപ്പൂര്‍ നിയമസഭയില്‍ 57 സീറ്റുകളാണ് എന്‍.ഡി.എയ്ക്കുള്ളത്. ഇതില്‍ 37 സീറ്റ് ബി.ജെ.പിയുടെ കൈവശവും ബാക്കി സീറ്റുകള്‍ സഖ്യകക്ഷികളുടെ കൈയിലുമാണ്. എന്നാല്‍ എന്‍.പി.പി പിന്തുണ പിന്‍വലിച്ചതോടെ എന്‍.ഡി.എയുടെ ഭൂരിപക്ഷം 50 ആയി കുറഞ്ഞു.

അതേസമയം മണിപ്പൂരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയാണ്. ശനിയാഴ്ച്ച ജിരിബാമില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയതി വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതോടെ സംഘര്‍ഷം വര്‍ധിക്കുകയായിരുന്നു. ജിരിബാമില്‍ തിങ്കളാഴ്ചയുണ്ടായ വെടിവെപില്‍ ആയുധധാരികളായ 10 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്കും പരിക്കേറ്റിരുന്നു.

ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 230ലധികം പേരാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. 11,133 വീടുകള്‍ ഭാഗികമായും 4,569 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. കലാപവുമായി ബന്ധപ്പെട്ട് 11,892 കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 302 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

Content Highlight: National People’s Party  withdraw support from Biren Singh BJP Govt in Manipur due to the conflict

We use cookies to give you the best possible experience. Learn more