| Wednesday, 28th April 2021, 9:30 pm

ദേശീയ പാര്‍ട്ടിക്ക് എത്തിച്ച കുഴല്‍പ്പണം കവര്‍ന്ന കേസ്; മോഷണം പോയ തുക കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് ദേശീയ പാര്‍ട്ടിക്കായി എത്തിച്ച കുഴല്‍പ്പണം കവര്‍ന്ന കേസില്‍ തൊണ്ടി മുതല്‍ കണ്ടെടുത്തു. 23 ലക്ഷം രൂപയും 3 പവന്‍ സ്വര്‍ണവുമാണ് പൊലീസ് കണ്ടെടുത്തത്.

25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു ലഭിച്ച പരാതി. ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ പണം കൊടുത്തയച്ചതായി കരുതുന്ന വ്യവസായി ധര്‍മ്മരാജനെ ചോദ്യം ചെയ്‌തെങ്കിലും പണത്തിന്റെ സ്രോതസ് ഇതുവരെ വെളിപ്പെട്ടിട്ടില്ല.

നേരത്തെ കള്ളപ്പണം ബി.ജെ.പിക്കായി എത്തിച്ചതാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആദ്യം പ്രതികരിച്ചിരുന്നില്ല.

ആവര്‍ത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കേരളത്തില്‍ തെരഞ്ഞെടുപ്പിനിടെ എത്തിച്ച നാല് കോടി രൂപ കൃത്രിമ വാഹനാപകടം ഉണ്ടാക്കി നേതാക്കളില്‍ ചിലരുടെ ഒത്താശയോടെ കവരുകയായിരുന്നു.

സംഭവത്തെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ദേശീയപാര്‍ട്ടി എന്നല്ലേ മാധ്യമങ്ങള്‍ പറഞ്ഞത്. അത് ഞങ്ങളല്ലെന്ന് സുരേന്ദ്രന്‍ പറയുകയായിരുന്നു. തുടര്‍ന്ന് കുഴല്‍പ്പണ ഇടപാടായതിനാല്‍ ബി.ജെ.പി ഇ.ഡിക്ക് പരാതി നല്‍കുമോ എന്ന ചോദ്യത്തിന് അതു തങ്ങളുടെ ജോലിയല്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

ഇതിനിടെ കേസുമായി ബി.ജെ.പിക്ക് ബന്ധവുമില്ലെന്ന് കെ.സുരേന്ദ്രന്‍ ബുധനാഴ്ച്ച പറഞ്ഞു. ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി ഡിജിറ്റലായാണ് ചെലവഴിച്ചത്. കറന്‍സിയായി ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒരു സംഘടന നിയന്ത്രിക്കുന്ന ദേശീയ പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പിനായി കോടിക്കണക്കിന് കള്ളപ്പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

National Party’s black money stolen case amount was found

Latest Stories

We use cookies to give you the best possible experience. Learn more