| Friday, 21st February 2020, 10:43 am

ഹാരപ്പന്‍ ഫെസ്റ്റില്‍ മാംസാഹാരം വിളിമ്പില്ലെന്ന് സര്‍ക്കാര്‍ ഹാരപ്പന്‍ ജനത കഴിച്ചിരുന്നത് ബീഫും മട്ടനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹാരപ്പന്‍ സംസ്‌കാരത്തെ ഈ ആധുനിക കാലഘട്ടത്തിലെ ഇന്ത്യന്‍ ജനതക്ക് പരിചയപ്പെടുത്തുക ലക്ഷ്യത്തോടെ ന്യൂദല്‍ഹിയിലെ നാഷ്ണല്‍ മ്യൂസിയത്തില്‍ നടക്കുന്ന എക്സിബിഷനില്‍ നിന്നും മാംസഹാരവിഭവങ്ങള്‍ ഒഴിവാക്കി. ആദ്യം ലിസ്റ്റിലുണ്ടായിരുന്ന വിഭവങ്ങളാണ് അവസാനനിമിഷത്തില്‍ മ്യൂസിയം അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഒഴിവാക്കിയത്.

മ്യൂസിയത്തില്‍ വെച്ചു നടക്കുന്ന പരിപാടികളിലൊന്നും മാംസാഹാരം വിളമ്പാറില്ലെന്നും മാംസവിഭവങ്ങള്‍ വിളമ്പിയാല്‍ ഇത് ചിലരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നതിനാലാണ് പരിപാടിയില്‍ നിന്നും ഇവ ഒഴിവാക്കിയതെന്നാണ് മ്യൂസിയം അധികൃതര്‍ പറയുന്നത്.

ഹിസ്റ്റോറിക്കല്‍ ഗാസ്ട്രോണോമിക എന്ന എക്സിബിഷന്റെ പ്രധാന ലക്ഷ്യം അന്നത്തെ ഭക്ഷ്യരീതികളിലൂടെയും വിഭവങ്ങളിലൂടെയും സിന്ധൂനദീതട സംസ്‌കാരത്ത്ിന്റെ സമഗ്രമായ അനുഭവം ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു. ഫെബ്രുവരി 19 മുതല്‍ 25 വരെയായി നടക്കുന്ന ഒരാഴ്ച നീളുന്ന പരിപാടി നാഷ്ണ്ല്‍ മ്യൂസിയവും കേന്ദ്ര സാംസ്‌ക്കാരിക വകുപ്പും വണ്‍ സ്റ്റേഷന്‍ മില്യണ്‍ സ്റ്റോറീസ് എന്ന് സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് നടത്തുന്നത്.

ഈ സ്വകാര്യ കമ്പനിക്കാണ് പരിപാടിയിലെ ഭക്ഷ്യമേളയുടെ ചുമതലയുണ്ടായിരുന്നത്. പരിപാടിയുടെ രജിസ്ട്രേഷനുമായി വെബ്സൈറ്റില്‍ ആദ്യം പ്രദര്‍ശിപ്പിച്ചിരുന്ന വിഭവങ്ങളുടെ ലിസ്റ്റില്‍ മത്സ്യ-മാംസ വിഭവങ്ങളുണ്ടായിരുന്നു. പിന്നീട് എക്സിബിഷന്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പേ മ്യൂസിയം അധികൃതര്‍ ഇടപ്പെട്ട് ഈ വിഭവങ്ങള്‍ മാത്രം പട്ടികയില്‍ നീക്ക്ം ചെയ്യണമെന്ന് അറിയിച്ചു.

മ്യൂസിയം അധികൃതരുടെ നടപടി വലിയ എതിര്‍പ്പുകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഹാരപ്പന്‍ സംസ്‌കാരത്തിലെ ഭക്ഷ്യരീതികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നടക്കുന്ന ഒരു എക്സിബിഷനില്‍ നിന്നും എങ്ങിനെയാണ് ഹാരപ്പന്‍ ജനതയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ മാംസാഹാരം ഒഴിവാക്കാന്‍ കഴിയുക എന്ന നിരവധി പേര്‍ ചോദിക്കുന്നു.

ഭക്ഷ്യ ചരിത്രകാരനായ കെ ടി അച്ചയയുടെ ഇന്ത്യന്‍ ഫൂഡ് എ ഹിസ്റ്റോറിക്കല്‍ കംപാനിയന്‍ എന്ന പുസ്തകത്തില്‍ ഹാരപ്പന്‍ ജനത മാംസവിഭവങ്ങള്‍ വലിയ തോതില്‍ കഴിച്ചിരുന്നു എന്നതിന്റെ കൃത്യമായ തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പശു, പോത്ത്, ആട്, ആമ, മുതല, കടലിലെയും പുഴയിലെയും മത്സ്യങ്ങള്‍ തുടങ്ങിയവയുടൊക്കെ വിഭവങ്ങള്‍ കഴിച്ചിരുന്നു എന്ന്ും ഇതില്‍ വ്യക്തമാക്കുന്നു. നിരവധി ചരിത്രകാരരന്മാരും സമാനമായ രീതിയിലാണ് ഹാരപ്പന്‍ ജനതയെക്കുറിച്ച രേഖപ്പെടുത്തിയിട്ടുള്ളത്.

നാഷ്ണല്‍ മ്യൂസിയത്തില്‍ സസ്യഹാരമേ പാടൂ എന്നു നിയമമില്ലല്ലോ എന്ന ചോദ്യത്തിന് മറുപടിയായി മ്യൂസിയം അഡീഷണല്‍ ഡയറക്ടര്‍
ജനറല്‍ സുബ്രത നാഥ് പറഞ്ഞത് ‘അങ്ങിനെ നിയമങ്ങളൊന്നുമില്ലെങ്കിലും മ്യൂസിയത്തിന്റെ പാരമ്പര്യത്തെ ബഹുമാനിച്ചുകൊണ്ടാണ് മാംസവിഭവങ്ങള്‍ ഒഴിവാക്കിയത് എന്നാണ്.

കൂടാതെ നടപടിയെ ന്യായീകരിക്കാനായി സുബ്രത നാഥ് പറഞ്ഞ മറ്റു വാദങ്ങളും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട. മ്യൂസിയത്തില്‍ ദേവീ ദേവന്മാരുടെയും ബുദ്ധന്റെയും വിഗ്രഹങ്ങളുണ്ടെന്നും അതിനാല്‍ ആ വികാരങ്ങള്‍ കൂടി പരിഗണിച്ചേ മതിയാകൂ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഹാരപ്പന്‍ സംസ്‌കാരത്തിലെ ഭക്ഷ്യരീതികളെക്കുറിച്ച് കൃത്യമായ ഗവേഷണം നടത്തിയാണ് സ്വകാര്യ കമ്പനി വിഭവങ്ങള്‍ തയ്യാറാക്കിയതെന്നും എന്നാല്‍ ഇതില്‍ നിന്ന് മാംസവിഭവങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും സുബ്രത നാഥ് പറഞ്ഞു. ഇതിനെക്കുറിച്ച് അറിഞ്ഞ ഉടനടി തന്നെ മാംസവിഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചത് വലിയ നാണക്കേടുകുമായിരുന്ന സംഭവത്തില്‍ നിന്നും മ്യൂസിയത്തെ രക്ഷിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ അതേ സമയം തലസ്ഥാനത്തെ തന്നെ ഇന്ദിര ഗാന്ധി നാഷ്ണല്‍ മ്യൂസിയം ഫോര്‍ ആര്‍ട്സ്, നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി, ക്രാഫ്റ്റ്സ് മ്യൂസിയം എന്നിവിടങ്ങളിലൊന്നും മാംസാഹാരം വിളമ്പുന്നതിന് ഒരു തടസ്സുവുമില്ല.

ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള നാഷ്ണല്‍ മ്യൂസിയത്തിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

ഡൂള്‍ന്യൂസ് ഡെസ്‌ക്