|

കേരളത്തിലെ മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും ന്യൂനപക്ഷമല്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

minirity ന്യൂദല്‍ഹി: കേരളത്തിലെ മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും ന്യൂനപക്ഷമല്ല ഭൂരിപക്ഷമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം. ദേശീയ ന്യൂനപക്ഷ കമീഷനില്‍ ക്രിസ്ത്യന്‍ പ്രതിനിധിയായ മാബെല്‍ റബെലോയാണ് വിവാദ പ്രസ്താവനയുമായി രംഗത്തുവന്നത്.

ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ കമ്മഷീന്‍ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മീഷനുകളുടെ വാര്‍ഷിക സമ്മേളനത്തിലാണ് കമ്മീഷന്‍ അംഗം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

കേരളത്തിന്റെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ പ്രസ്താവന വേദിയില്‍തന്നെ പിന്‍വലിച്ച കമ്മീഷന്‍  അംഗം വേദിയില്‍ പരസ്യമായി ക്ഷമാപണം നടത്തി. കേരള ന്യൂനപക്ഷ കമീഷന്‍ അംഗം അഡ്വ. വി.വി ജോഷി സംസാരിക്കുന്നതിനിടെയായിരുന്നു മാബെല്‍ റബെലോയുടെ പരാമര്‍ശം.

കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ ജോഷി ഉന്നയിക്കുന്നതിനിടെ ഇടപെട്ട റബെലോ മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും കേരളത്തില്‍ ന്യൂനപക്ഷമല്ലെന്ന് അഭിപ്രായപ്പെട്ടു. ഹിന്ദുക്കളാണ് കേരളത്തിലെ ന്യൂനപക്ഷമെന്നും മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കേരള ന്യൂനപക്ഷ കമീഷന്‍ അംഗം അഡ്വ. കെ.പി. മറിയുമ്മ ഉടന്‍ പ്രതിഷേധവുമായി രംഗത്തത്തെി. ദേശീയ ന്യൂനപക്ഷ കമീഷന്റെ പൂച്ച് പുറത്തുചാടിയെന്ന് മറിയുമ്മ പറഞ്ഞു. ദേശീയ കമ്മീഷന്‍ അംഗത്തിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന കമീഷന്‍ പിന്‍വലിക്കണമെന്നും റബെലോ മാപ്പുപറയണമെന്നും അഡ്വ. ജോഷിയും അഡ്വ. മറിയുമ്മയും ആവശ്യപ്പെട്ടു.

റബെലോക്കെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നസീം അഹമ്മദിന് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. ഇതോടെ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് അറിയിച്ച റബെലോ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

മോദി അധികാരമേറ്റയുടന്‍ ന്യൂനപക്ഷ മന്ത്രിയായി ചുമതലയേറ്റെടുത്ത നജ്മ ഹിബത്തുല്ല മുസ്‌ലീങ്ങള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമല്ല എന്ന് പ്രസ്താവിച്ചത്  വിവാദമായിരുന്നു.

Latest Stories