| Saturday, 1st December 2018, 10:29 am

കേരളത്തില്‍ 'അയ്യപ്പന്റെ പ്രസാദം ബി.ജെ.പിക്കില്ല' തദ്ദേശ തെരഞ്ഞെടുപ്പു തോല്‍വിയില്‍ ബി.ജെ.പിയെ ട്രോളി ദേശീയ മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലടക്കം ബി.ജെ.പിക്കു നേരിട്ട തിരിച്ചടിയെ പരിഹസിച്ച് ദേശീയ മാധ്യമങ്ങള്‍. “ശബരിമല പ്രസാദം ബി.ജെ.പിക്കില്ല” എന്ന തലക്കെട്ടിലാണ് മാധ്യമങ്ങള്‍ ബി.ജെ.പിക്കേറ്റ തിരിച്ചടി വാര്‍ത്തയാക്കിയത്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ ഒരുവിഭാഗം ഹിന്ദുമത വിശ്വാസികള്‍ രംഗത്തുവന്നതോടെ വിഷയം രാഷ്ട്രീയമായി മുതലെടുത്ത് ബി.ജെ.പി രംഗത്തുവന്നിരുന്നു. കേരളത്തില്‍ പാര്‍ട്ടിക്ക് വേരുറപ്പിക്കാനുള്ള “സുവര്‍ണാവസരമാണിത്” എന്നും നമ്മള്‍വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണുവെന്നും ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അണികളോടു പറഞ്ഞത് ഈ രാഷ്ട്രീയ മുതലെടുപ്പ് തുറന്നുകാട്ടുന്നതായിരുന്നു.

Also Read:ശബരിമല സ്ത്രീപ്രവേശനം; മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്കില്ലെന്ന് എന്‍.എസ്.എസ്: തീരുമാനം പിന്നീടെന്ന് എസ്.എന്‍.ഡി.പി

എന്നാല്‍ ശബരിമല വിഷയം സജീവമായി നിര്‍ത്തിക്കൊണ്ട് വലിയൊരു വിഭാഗം ഹിന്ദു വോട്ടുകള്‍ സ്വന്തമാക്കുകയെന്ന ബി.ജെ.പിയുടെ തന്ത്രം കേരളത്തില്‍ അമ്പേ പരാജയപ്പെട്ടെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന തദ്ദേശ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പു നടന്ന 39 വാര്‍ഡില്‍ 21ഉം എല്‍.ഡി.എഫ് നേടിയപ്പോള്‍ യു.ഡി.എഫിന് കിട്ടിയത് 11 സീറ്റ് മാത്രമാണ്. ബി.ജെ.പിക്കും എസ്.ഡി.പി.ഐയ്ക്കും സ്വതന്ത്രര്‍ക്കും രണ്ട് വാര്‍ഡ് വീതമാണ് ലഭിച്ചത്.

ബി.ജെ.പിയുടെ ഒരു സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിയ്ക്കു ലഭിച്ച രണ്ടു സീറ്റുകള്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളുമാണ്. ശബരിമലയുടെ പേരിലുള്ള പ്രതിഷേധം ശക്തമായി നിലനിന്ന പത്തനംതിട്ടയിലും പന്തളത്തും കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് ലഭിച്ചത്.

പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് ആകെ ലഭിച്ചത് 19 വോട്ടാണ്. പത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലും പന്തളം നഗരസഭയിലെ പത്താംവാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഏഴും 12ഉം വോട്ടുകളാണ് ബി.ജെ.പിക്ക് രണ്ടിടങ്ങളില്‍ നിന്നുമായി ലഭിച്ചത്.

Also Read:ഓസ്‌ട്രേലിയ കരുതിയിരുന്നോളൂ… കോഹ്‌ലിയ്ക്ക് ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലുമുണ്ട് പിടി; സന്നാഹമത്സരത്തില്‍ വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍

ഈ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ തിരിച്ചടിയെ “അയ്യപ്പന്റെ പ്രസാദം ബി.ജെ.പിക്കില്ല” എന്ന തരത്തില്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.

ശബരിമല വിഷയത്തിലുള്ള ഹിന്ദു രോഷം ബി.ജെ.പിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയതെന്നും ഇത് എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാകുമെന്നും യു.ഡി.എഫ് തകര്‍ന്നടിയുമെന്നും വിലയിരുത്തപ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

” എന്നാല്‍ ഇത്തരം പ്രവചനങ്ങളില്‍ ഒന്നെങ്കിലും പാടേ തള്ളിക്കളയേണ്ടതായി വന്നിരിക്കുകയാണ്. എല്‍.ഡി.എഫിന് സീറ്റു നഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല, അവര്‍ ഇത്തവണ സീറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു. ഈ ബഹളങ്ങളൊക്കെയുണ്ടായിട്ടും ബി.ജെ.പിക്ക് ഒരു വാര്‍ഡ് അധികം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. പേപ്പറില്‍ 100% വര്‍ധനവെന്നൊക്കെ അവകാശപ്പെടാമെങ്കിലും സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് അത് അത്രവലിയ നേട്ടമായി അവകാശപ്പെടാനാവില്ല.” എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ന്യൂസ് 18 നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Also Read:ശബരിമല; ശശികലയെ അറസ്റ്റുചെയ്ത വനിതാ പോലീസുകാര്‍ക്ക് ഡി.ജി.പി.യുടെ സമ്മാനം

39 വാര്‍ഡുകളില്‍ വളരെക്കുറച്ചെണ്ണത്തില്‍ മാത്രമേ ബി.ജെ.പിക്ക് വോട്ടു ഷെയര്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം പ്രതീക്ഷിക്കുന്ന തൃശൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്ന സ്ഥിതിയാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പത്തംതിട്ടയില്‍ ബി.ജെ.പി ശക്തമായി നിലകൊള്ളുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുയര്‍ന്നിട്ടും കേരളത്തില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം എന്ന തരത്തിലാണ് ഇന്ത്യാ ടുഡേ ഇതുമായി ബന്ധപ്പെട്ടവാര്‍ത്ത നല്‍കിയത്.

അതേസമയം,ഇത്തരം മാധ്യമ റിപ്പോര്‍ട്ടുകളെ തള്ളുന്ന തരത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അഭിമാനം നല്‍കുന്നുവെന്നും കേരളത്തില്‍ ബി.ജെ.പി ശക്തമായി മുന്നോട്ടു പോകുകയാണെന്നുമാണ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

We use cookies to give you the best possible experience. Learn more