ന്യൂദല്‍ഹി: ബില്‍കീസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ പിന്തുണച്ച് ദേശീയ മാധ്യമങ്ങളുടെ എഡിറ്റോറിയലുകള്‍. രാഷ്ട്രീയ പോരിനെക്കാളും അട്ടിമറികളെക്കാളും പ്രാധാന്യമര്‍ഹിക്കുന്നത് നിയമവാഴ്ചക്കാണെന്ന് മാധ്യമങ്ങളുടെ എഡിറ്റോറിയലുകള്‍ ഊന്നിപ്പറയുന്നു. കോടതിയോടും നിയമങ്ങളോടും ഇന്ത്യന്‍ ഭരണഘടനയോടും പുലര്‍ത്തേണ്ട വിശ്വാസത്തിന്റെ ആവശ്യകതയെന്താണെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബില്‍കീസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷയില്‍ ഇളവ് വരുത്തിയത് വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം വിജയിക്കുകയാണെന്ന തോന്നലിലേക്ക് നയിച്ചുവെന്ന് ‘ദി ടെലിഗ്രാഫ്’ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ വളരെ മൂര്‍ച്ചയുള്ളതാണെന്നും കുറച്ചുകാലങ്ങളായി കോടതിയുട വിശ്വാസ്യതയില്‍ വീണ ഇരുട്ടിനെ ഈ നിരീക്ഷണങ്ങള്‍ വെട്ടിമുറിച്ചുവെന്നും ദി ടെലിഗ്രാഫ് പറഞ്ഞു.
അക്രമങ്ങളും ലിംഗവിദ്വേഷങ്ങളും രാഷ്ട്രീയവും സാംസ്‌കാരിക ആധിപത്യങ്ങളും എല്ലായ്പ്പോഴും ലക്ഷ്യം വെക്കുന്നത് സ്ത്രീകളെയാണെന്നും അതിനുള്ള വലിയ ഉദാഹരണമാണ് ബില്‍കീസ് ബാനുവെന്നും ദി ടെലിഗ്രാഫ് എഡിറ്റോറിയലില്‍ കൂട്ടിച്ചേര്‍ത്തു.
‘നീതി വ്യവസ്ഥയില്‍ ശിക്ഷാ ഇളവുകള്‍ അവിഭാജ്യ ഘടകമാണ്. എന്നാല്‍ അവ രാഷ്ട്രീയ സൗകര്യത്തിന് വേണ്ടിയല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഇളവ് നല്‍കാനുള്ള അധികാരം ഗുജറാത്ത് സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്ന് സുപ്രീം കോടതി കണ്ടെത്തിയതിലൂടെ, അത് നീതിന്യായ വ്യവസ്ഥയെ തുരങ്കം വെക്കുന്നതിന്റെ അപകടസാധ്യതകള്‍ എടുത്തുകാണിച്ചു,’ എല്ലാ കേസുകളിലും നിയമപരമായ സംരക്ഷണം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് ‘ടൈംസ് ഓഫ് ഇന്ത്യ’ എഡിറ്റോറിയലില്‍ എഴുതി.
പ്രതികളുടെ ശിക്ഷകളില്‍ ഇളവ് വരുത്തുന്നതിനായി ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച കുറ്റപത്രം വിവേചനപരമാണെന്നും കേസില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ നിയമത്തിന്റെ ലംഘനമാണെന്നും ‘ദി ഹിന്ദു’ അവരുടെ എഡിറ്റോറിയലില്‍ എഴുതി. എന്നാല്‍ നിയമവാഴ്ചയിലും കോടതിയിലുമുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനെയാണ് നിലവിലെ സുപ്രീം കോടതി വിധി പ്രതിനിധീകരിക്കുന്നതെന്നും ദി ഹിന്ദു ചൂണ്ടിക്കാട്ടി.
അതിക്രമങ്ങള്‍ നേരിട്ട ഇരയുടെയും അവയില്‍ നിന്ന് അതിജീവിച്ചവരുടെയും സമൂഹത്തിലുള്ള സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് പ്രതികളുടെ ശിക്ഷയില്‍ ഇളവ് വരുത്തിയതെന്ന് ദി ഹിന്ദു എഡിറ്റോറിയലില്‍ പറഞ്ഞു. തടവ് അനുഭവിക്കുന്ന പ്രതികളുട ശിക്ഷകളില്‍ ഇളവ് വരുത്തണമെങ്കില്‍ മാനുഷികമായ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും, എന്നാല്‍ ബില്‍കീസ് ബാനു കേസില്‍ അത് നടന്നിട്ടില്ലെന്നും ദി ഹിന്ദു ചൂണ്ടിക്കാട്ടി.
ഗുജറാത്ത് കലാപക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമായ ഒരു തിരുത്തല്‍ നടപടിയാണെന്ന് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ കുറിച്ചു. എന്നാല്‍ തടവില്‍ നിന്ന് മോചിതരായ ബില്‍കീസ് ബാനു കേസിലെ പ്രതികള്‍ പരസ്യമായി ഗുജറാത്തില്‍ ആദരിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് ലഭിച്ച ശിക്ഷാ ഇളവ് നീതിന്യായ വ്യവസ്ഥയില്‍ കളങ്കം സൃഷ്ടിച്ചുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ചൂണ്ടിക്കാട്ടി.
Content Highlight: National media support the Supreme Court ruling that revoked the leniency of the accused