ന്യൂദല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും മകന്‍ ജയ്ഷായ്ക്കുമെതിരായ കാരവന്‍ മാഗസിന്റെ റിപ്പോര്‍ട്ട് വാര്‍ത്തയാക്കാതെ വിട്ട് എന്‍.ഡി.ടി.വിയടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങള്‍. ജയ് ഷായുടെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് കാരവന്‍ മാഗസിന് റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നത്.
കുറഞ്ഞ ആസ്തി മാത്രമുള്ള ജയ് ഷായുടെ കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി എന്ന കമ്പനി അനധികൃതമായി വന്‍തോതില്‍ വായ്പ തരപ്പെടുത്തിയെന്നും മകന്റെ കമ്പനിയില്‍ തനിക്കുള്ള പങ്ക് അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മറച്ചുവെച്ചുവെന്നും കാരവന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അമിത് ഷായുടെ രാജ്യസഭാംഗത്വം വരെ റദ്ദാക്കപ്പെടാവുന്ന ഈ കണ്ടെത്തലാണ് ദേശീയ മാധ്യമങ്ങള്‍ മുക്കിയത്. കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ്, ഛണ്ഡീഗഡില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ട്രൈബ്യൂണ്‍ പത്രത്തിന്റെ വെബ്‌സൈറ്റ് എന്നിവ ഒഴികെ ഒരു വെബ്‌സൈറ്റ് പോലും വാര്‍ത്ത നല്‍കിയിട്ടില്ല.
മാധ്യമങ്ങളുടെ ഈ ഭീരുത്വം ചൂണ്ടിക്കാട്ടി കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ്.കെ ജോസും രംഗത്തെത്തിയിട്ടുണ്ട്. കോര്‍പറേറ്റ് പ്രചാരകരായി മാറിയ 1930കളിലെ അമേരിക്കന്‍ മാധ്യമങ്ങളെ പോലെ പെരുമാറുകയാണ് ഇന്ത്യന്‍ മീഡിയയെന്ന് വിനോദ് കെ. ജോസ് പറഞ്ഞു.
റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു ഇതിന് ശേഷവും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് വിനോദ്. കെ ജോസ് ചൂണ്ടിക്കാണിക്കുന്നു. ഇന്ന് കൊല്‍ക്കത്തയില്‍ സന്ദര്‍ശനം നടത്തുന്ന അമിത് ഷായുടെ വാര്‍ത്തകള്‍ നിരന്തരം കൊടുക്കുന്നതിനിടിയാണ് ദേശീയ മാധ്യമങ്ങളുടെ ഈ മുക്കല്‍.
ജയ് ഷായുടെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച് ദ വയര്‍ ആണ് ആദ്യം റിപ്പോര്‍ട്ട് കൊണ്ടുവന്നത്. ദ വയറിനെതിരെ ജെയ് ഷാ നല്‍കിയ മാനനഷ്ടക്കേസ് സുപ്രീംകോടതി അന്തിമവാദം കേള്‍ക്കാനായി മാറ്റിവെച്ചിരിക്കുകയാണ്.