Kerala News
മുണ്ടക്കൈ ദുരന്തം; 50 കുടുംബങ്ങള്‍ക്ക് താത്കാലിക താമസ സൗകര്യമൊരുക്കാന്‍ നാഷണല്‍ ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 10, 12:57 pm
Saturday, 10th August 2024, 6:27 pm

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് താത്കാലിക താമസ സൗകര്യമൊരുക്കാന്‍ നാഷണല്‍ ലീഗ്. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 50 കുടുംബങ്ങള്‍ക്കാണ് നാഷണല്‍ ലീഗ് താമസ സൗകര്യം ഒരുക്കുന്നത്. ഇതിനായി വയനാട്ടില്‍ തന്നെയുള്ള മൂന്ന് ഫ്ളാറ്റ് സമുച്ചയങ്ങള്‍ നാഷണല്‍ ലീഗിന്റെ പ്രവര്‍ത്തകര്‍ കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണ്.

‘ഒരു കുടുംബത്തിന് ഒരു വീട്’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ദുരന്തത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയ്ക്ക് നാഷണല്‍ ലീഗ് നേതൃത്വം നല്‍കുന്നത്. നിലവില്‍ മൂന്ന് ഫ്ളാറ്റ് സമുച്ചയങ്ങളാണ് നാഷണല്‍ ലീഗ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച ഒരു ഫ്ളാറ്റ് കൂടി ഏറ്റെടുക്കാനുള്ള കരാറില്‍ ഒപ്പുവെക്കുമെന്ന് നാഷണല്‍ ലീഗ് കേരള ഘടകം ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസിസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്കാണ് നാഷണല്‍ ലീഗ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് സ്വന്തമായി ഒരിടം ലഭ്യമാകും വരെ ഈ പദ്ധതി തുടരാനും ലക്ഷ്യമിടുന്നതായി നാഷണല്‍ ലീഗ് പറഞ്ഞു.

വീടിന് പുറമെ ഭക്ഷണം ഉൾപ്പെടെയുള്ള മറ്റു അടിസ്ഥാന സൗകര്യങ്ങളും നാഷണൽ ലീഗ് ഒരുക്കും. അടച്ചുറപ്പുള്ള ഒരു വീട്ടിലാണെങ്കിൽ കുടുംബത്തിലെ ആരോഗ്യവാനായ ഗൃഹനാഥന് തൊഴിൽ അന്വേഷിക്കാനും ജോലിക്ക് പോകാനുമുള്ള സാധ്യതകൾ കൂടുതലാണ്. ക്യാമ്പുകളിൽ തുടരുകയാണെങ്കിൽ അതിന് സാധിക്കണമെന്നില്ലെന്നും എൻ.കെ. അബ്ദുൾ അസീസ് പറഞ്ഞു.

അതേസമയം വയനാട് ദുരന്തത്തില്‍ കേരളം തനിച്ചല്ല, രാജ്യം ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കറിനോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിലാണ് പുനരധിവാസം നടത്താന്‍ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ മെമ്മോറാണ്ടത്തില്‍ ഉണ്ടാവണമെന്നാണ് നിര്‍ദേശം.

Content Highlight: National League to provide temporary accommodation to 50 families who lost their homes in landslides