നിരായുധരായ 20 ജവാന്‍മാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ചൈനയെ അനുവദിക്കുന്നത് എന്തുകൊണ്ട്?; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍
national news
നിരായുധരായ 20 ജവാന്‍മാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ചൈനയെ അനുവദിക്കുന്നത് എന്തുകൊണ്ട്?; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th July 2020, 1:41 pm

ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

രാജ്യത്തിന്റെ താല്പര്യം സംരക്ഷിക്കുകയാണ് പരമപ്രധാനമായ കാര്യമെന്നും അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യന്‍ സര്‍ക്കാരിന്റെ കടമയാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 20 സൈനികരുടെ കൊലപാതകം ന്യായീകരിക്കാന്‍ എന്തുകൊണ്ടാണ് ചൈനയെ അനുവദിച്ചതെന്നും ഗല്‍വാന്‍ താഴ്വരയുടെ പ്രാദേശിക പരമാധികാരത്തെക്കുറിച്ച് പരാമര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിക്കുന്നു.

” നമ്മുടെ പ്രദേശത്ത് നിരായുധരായ 20 ജവാന്‍മാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ചൈനയെ അനുവദിക്കുന്നത് എന്തുകൊണ്ട്?” അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു.


ചൈനയുമായി നടത്തിയ ചര്‍ച്ചയില്‍  സ്ഥിതിഗതികള്‍ പുഃനസ്ഥാപിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ഊന്നല്‍ നല്‍കിയില്ലെന്നും രാഹുല്‍ ചോദിക്കുന്നുണ്ട്.

ചര്‍ച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഇന്ത്യയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും ഗല്‍വാനില്‍ തങ്ങള്‍ക്ക് തെറ്റൊന്നും പറ്റിയിട്ടില്ല എന്ന നിലപാടിലാണ് ചൈന.

ചൈന -ഇന്ത്യ അതിര്‍ത്തിയില്‍ നടന്ന സംഭവത്തില്‍ ശരിയും തെറ്റും വളരെ വ്യക്തമാണെന്നാണ് ചൈന ഔദ്യോഗിക കുറിപ്പില്‍ പറയുന്നത്. ഇരുസൈന്യങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട കാര്യത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല.

” ചൈന-ഇന്ത്യ അതിര്‍ത്തിയിലെ പടിഞ്ഞാറന്‍ മേഖലയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ അടുത്തിടെ സംഭവിച്ചതിന്റെ ശരിയും തെറ്റും വളരെ വ്യക്തമാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും നമ്മുടെ പ്രാദേശിക പരമാധികാരവും സംരക്ഷിക്കുന്നത് ചൈന കര്‍ശനമായി തുടുരും”, കുറിപ്പില്‍ പറയുന്നു.

അതിര്‍ത്തി വിഷയത്തില്‍ അജിത് ഡോവലും, ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയും തമ്മില്‍ ജൂലൈ അഞ്ചിനാണ് ചര്‍ച്ച നടത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ