| Sunday, 26th November 2023, 8:31 pm

ഡാര്‍ക്ക് വെബിനെ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡാര്‍ക്ക് വെബിനെയും അത് സമൂഹത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി) അധ്യക്ഷന്‍ ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര. ഡാര്‍ക്ക് വെബ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര പറഞ്ഞു. സൈബര്‍ മേഖലയില്‍ പരിഷകാരങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജികളെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുരോഗതിക്കും വികസനത്തിനും സഹായകമായ ഡിജിറ്റല്‍ യുഗത്തിലാണ് നാം ജീവിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന പ്രതിഭാസമുണ്ട്. സൈബര്‍ ഇടത്തിന്റെ 96 ശതമാനവും ഡാര്‍ക്ക് വെബ് ആണ്.

കുട്ടികളെ ചൂഷണം ചെയ്യുക, സ്വകാര്യതക്കുള്ള അവകാശം നശിപ്പിക്കുക, ആധുനിക സൈബര്‍ അടിമത്തം, മനുഷ്യ കടത്ത്, ഡാറ്റ ഹാക്കിങ് തുടങ്ങിയ ക്രിമിനല്‍ ആവശ്യങ്ങള്‍ക്കായി ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നു. ഈ പ്രവണത വേഗത്തില്‍ അവസാനിപ്പിക്കേണ്ടതുണ്ട്,’ എന്‍.എച്ച്.ആര്‍.സി അധ്യക്ഷന്‍ പറഞ്ഞു.

സൈബര്‍ലോകത്തിന്റെയും ക്രിമിനല്‍ വാണിജ്യത്തിന്റെയും ദുരുപയോഗം ഇല്ലാതാക്കുന്നതിന് തങ്ങള്‍ വിശാലമായ ഡിജിറ്റല്‍ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, കൂടാതെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും എന്‍.എച്ച്.ആര്‍.സി വ്യക്തമാക്കി.

പൊതുതാത്പര്യ ഹരജികള്‍ രാജ്യത്തിന്റെ നടത്തിപ്പിന് ഉപകാരപ്രദമാണെന്നും എന്നാല്‍ അവ രാഷ്ട്രീയ ലക്ഷ്യത്തിനായി ദുരുപയോഗം ചെയ്യരുതെന്നും ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര ചൂണ്ടിക്കാട്ടി.

അതേസമയം ജനാധിപത്യ പ്രക്രിയയില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും ഭരണഘടനയുടെ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനായി അക്രമരഹിതവും ആരോഗ്യകരവുമായ തെരഞ്ഞെടുപ്പുകള്‍ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ലിംഗസമത്വം’ എന്ന വാചകം എന്താണെന്ന് നിര്‍വചിക്കേണ്ട സമയം അതിക്രമിച്ചെന്നും ലിംഗസമത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് മനുഷ്യാവകാശ തലവന്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ വിവേചനത്തില്‍ നിന്ന് മുക്തി നേടേണ്ടതുണ്ടെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ തുല്യമായി ആസ്വദിക്കേണ്ടതുണ്ടെന്നും പാനല്‍ വ്യക്തമാക്കി.

Content Highlight: National Human Rights Commission to develop digital forensic infrastructure to curb dark web

We use cookies to give you the best possible experience. Learn more