ന്യൂദല്‍ഹി: കോട്ടയത്ത് പ്രണയിച്ചതിന്റെ പേരില്‍ ദുരഭിമാനക്കൊലയ്ക്ക് വിധേയനായ കെവിന്‍ പി. ജോസഫിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ അധികാരകേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്ന കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലും, ഗാന്ധിനഗര്‍ പൊലീസ് വീഴ്ച വരുത്തിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുമാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി കൈക്കൊണ്ടത്.
പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സംഭവമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. കെവിന്റെ മാന്യമായി ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും, ഡി.ജി.പിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചയാണ് വിശദീകരണം
നല്‍കാനുള്ള സമയപരിധി.
കെവിന്റെ മരണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ തുറന്നടിച്ചിരുന്നു. എന്നാല്‍ കര്‍ശനമായ നടപടികളൊന്നും പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇനിയും കൈക്കൊണ്ടിട്ടില്ല.