ദേശീയ പുരയിടഅവകാശ ബില്‍ തയ്യാറായി
India
ദേശീയ പുരയിടഅവകാശ ബില്‍ തയ്യാറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th March 2013, 4:43 pm

ന്യൂദല്‍ഹി: നിര്‍ധനരായ ഭവനരഹിതര്‍ക്ക് വീട് വെക്കാനുള്ള ഭൂമി ഉറപ്പുവരുത്താന്‍ പുരയിടബില്‍ തയ്യാറായി. 84000 രൂപ വാര്‍ഷിക വരുമാനത്തില്‍ താഴെയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. []

ഗ്രാമീണ ഭവനരഹിതര്‍ക്ക് 10-15 സെന്റ് ഭൂമി അവകാശമാക്കുമെന്നും പുതിയ ബില്ലില്‍ പറയുന്നു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയുടെ പേരിലായിരിക്കും ഭൂമി നല്‍കുക.

ഭൂരഹിത കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 10 സെന്റ് ഭൂമി അവകാശം, ആദായ നികുതി അടക്കാത്തവര്‍ ,സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍,84000 രൂപയില്‍ താഴെ വരുമാനമുള്ള സ്വകാര്യജീവനക്കാര്‍ എന്നിവര്‍ക്കാണ് ഈ ബില്‍ പ്രകാരം ആനുകൂല്യത്തിന് യോഗ്യതയുണ്ടായിരിക്കുക.

നിയമം നിലവില്‍ വന്നതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സംസ്ഥാനങ്ങള്‍ ഭൂമി വിതരണത്തിനുള്ള രൂപരേഖ വിജ്ഞാപനം ചെയ്യണമെന്നും യോഗ്യരായ കുടുംബത്തിന് നിലവില്‍ താമസിക്കുന്ന പ്രദേശത്തിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ ജനവാസയോഗ്യമായിടത്ത് തന്നെ പുരയിടം അനുവദിക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.

വിതരണം ചെയ്യാനാവശ്യമായ ഭൂമി ഇല്ലാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഭൂമി വിലകൊടുത്ത് വാങ്ങി പദ്ധതി നടപ്പാക്കണം.

ഇതിനായി വരുന്ന ചിലവിന്റെ 75 ശതമാനം കേന്ദ്രം അനുവദിക്കും. പുരയിടം ലഭിച്ചവര്‍ക്ക് വീട് ഉണ്ടാക്കാന്‍ മറ്റ് കേന്ദ്രപദ്ധതികളില്‍ നിന്നും പണം ലഭിക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു.

ഭൂരഹിതര്‍ക്ക് ഭൂമിയെന്ന ആവശ്യവുമായി ഏക്താപരിഷത്ത് നേതാവ് പി.വി രാജഗോപാല്‍ നയിച്ച ജനസത്യാഗ്രഹ യാത്രയെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് പുരയിട ബില്‍.

ഗ്രാമവികസന മന്ത്രി ജയറാം രമേശിന്റെ മേല്‍നോട്ടത്തിലാണ് ബില്‍ തയ്യാറാക്കിയത്.ഏപ്രില്‍ ആറിന് നടക്കാനിരിക്കുന്ന സംസ്ഥാന റവന്യു മന്ത്രിമാരുടെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.