| Friday, 10th May 2019, 11:38 am

കേന്ദ്രം കൈകോര്‍ത്താല്‍ ദേശീയപാതാ വികസനം 2 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ജി. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി ജി. സുധാകരന്‍. കേന്ദ്രത്തിന്റെ തീരുമാനത്തോടെ ദേശീയപാത വികസനം മുന്‍നിശ്ചയപ്രകാരം നടക്കാനുള്ള സാധ്യത തെളിഞ്ഞു. 3 എ വിജ്ഞാപനം നടത്തിയ ഭാഗങ്ങളില്‍ അതോറിറ്റിക്കു ടെന്‍ഡര്‍ വിളിക്കാം. അങ്ങനെയെങ്കില്‍ 2 വര്‍ഷംകൊണ്ടു വികസനം പൂര്‍ത്തിയാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായി മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്താലേ ദേശീയപാത വികസനം സാധ്യമാകൂ. മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തിലെ ദേശീയപാതയെ ഒഴിവാക്കിയപ്പോള്‍ തന്നെ ദേശീയപാത വികസനത്തില്‍ ഏറെ മുന്നേറിയ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രിക്കും, ദേശീയപാത അതോറിറ്റി ചെയര്‍മാനും കത്തയച്ചിരുന്നു. മുഖ്യമന്ത്രി ഇതേ ആവശ്യം ഉന്നയിച്ച് നിധിന്‍ ഗഡ്കരിയുമായി സംസാരിച്ചിരുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

കേരളത്തിന്റെ ദേശീയപാത വികസനം തടസ്സപ്പെടുന്ന നില വന്നപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പം നിലകൊണ്ട വാര്‍ത്താ മാധ്യമങ്ങളെയും മന്ത്രി അഭിനന്ദിച്ചു. എഡിറ്റോറിയല്‍ ഉള്‍പ്പെടെ എഴുതി കേരള സര്‍ക്കാരിന്റെയും ജനങ്ങളുടെയും നിലപാടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാനും വാര്‍ത്താ മാധ്യമങ്ങളും സഹായിച്ചു. കേരളത്തിന്റെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും ജി സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ദേശീയപാത വികസനത്തില്‍ കേരളത്തോട് വിവേചനം കാണിച്ചിട്ടില്ലെന്നും പദ്ധതിയിലെ ഒന്നാം മുന്‍ഗണന പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രം റദ്ദാക്കിയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more