തിരുവനന്തപുരം: ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി ജി. സുധാകരന്‍. കേന്ദ്രത്തിന്റെ തീരുമാനത്തോടെ ദേശീയപാത വികസനം മുന്‍നിശ്ചയപ്രകാരം നടക്കാനുള്ള സാധ്യത തെളിഞ്ഞു. 3 എ വിജ്ഞാപനം നടത്തിയ ഭാഗങ്ങളില്‍ അതോറിറ്റിക്കു ടെന്‍ഡര്‍ വിളിക്കാം. അങ്ങനെയെങ്കില്‍ 2 വര്‍ഷംകൊണ്ടു വികസനം പൂര്‍ത്തിയാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായി മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്താലേ ദേശീയപാത വികസനം സാധ്യമാകൂ. മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തിലെ ദേശീയപാതയെ ഒഴിവാക്കിയപ്പോള്‍ തന്നെ ദേശീയപാത വികസനത്തില്‍ ഏറെ മുന്നേറിയ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രിക്കും, ദേശീയപാത അതോറിറ്റി ചെയര്‍മാനും കത്തയച്ചിരുന്നു. മുഖ്യമന്ത്രി ഇതേ ആവശ്യം ഉന്നയിച്ച് നിധിന്‍ ഗഡ്കരിയുമായി സംസാരിച്ചിരുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.