തിരുവനന്തപുരം: ദേശീയപാത വികസനത്തിനായുള്ള ഭൂമിയേറ്റെടുപ്പു സര്‍വേയ്‌ക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഭൂമിയേറ്റെടുക്കല്‍ സര്‍വേയില്‍ പാകപ്പിഴകളുണ്ടെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
“ഭൂമി ഏറ്റെടുക്കുന്നതു മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ പുനഃപരിശോധിക്കണം.”-മലപ്പുറം ജില്ലയിലെ പൊന്നാനി എംഎല്‍എ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ ദേശീയപാതയുടെ ഇരുഭാഗത്തുനിന്നും ഭൂമി ഏറ്റെടുക്കുന്നതിനു പകരം പൊന്നാനി മേഖലയില്‍, ഒരു വശത്തുനിന്നു മാത്രം ഭൂമി ഏറ്റെടുക്കാനായി അടയാളപ്പെടുത്തിയതു മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണ്. തീരപ്രദേശമായ പാലപ്പെട്ടിയില്‍ 17 വീടുകള്‍ മാത്രം നഷ്ടപ്പെടുന്ന തരത്തിലായിരുന്നു ആദ്യ അലൈന്‍മെന്റ് നിശ്ചയിച്ചിരുന്നത്. 30 വീടുകള്‍ നഷ്ടമാകുന്ന തരത്തിലാണ് ഇപ്പോള്‍ സര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ സ്‌പെഷല്‍ ഓഫിസറെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ പലയിടത്തും ദേശീയപാത അലൈന്‍മെന്റിനെച്ചൊല്ലി രൂക്ഷമായ തര്‍ക്കങ്ങളുണ്ടാവുകയും സംഘര്‍ഷത്തിലും പൊലീസ് നടപടിയിലും കലാശിക്കുകയും ചെയ്തിരുന്നു. കുറ്റിപ്പുറം, വേങ്ങര, അരീത്തോട് എന്നിവടങ്ങളില്‍ പ്രദേശവാസികള്‍ സമരവുമായി രംഗത്തെത്തിയിരുന്നു.
WATCH THIS VIDEO: