ചെന്നൈ: ജല്ലിക്കെട്ടിന് അനുമതി നല്‍കാത്തതില്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ദേശീയ പാത ഉപരോധിച്ച് പ്രതിഷേധം.
ജല്ലിക്കെട്ട് മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്ന് ആരോപിച്ചാണ് നൂറോളം വരുന്ന യുവാക്കള്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിച്ചത്.
ഏകദേശം ആറ് മണിക്കൂറോളം ഉപരോധം തുടര്‍ന്ന പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.
കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിനും, പ്രെവറ്റ് ബസുകള്‍ക്കും നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.
കൂടാതെ പൊലീസ് വാഹനങ്ങള്‍ക്കും പൊലീസുകാര്‍ക്കും ദേശീയപാതയില്‍ കടന്നുപോവുകയായിരുന്ന മറ്റ് വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറാണുണ്ടായത്.
തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി ടിയര്‍ ഗ്യാസ് ഉപയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു.
എന്നാല്‍, കൃഷ്ണഗിരി ജില്ലാ കളക്ടര്‍ ജയചന്ദ്ര ഭാനു റെഡ്ഡി ജല്ലിക്കെട്ട് നടത്താനായി അനുമതി നല്‍കിയിരുന്നുവെന്നുവെന്നും, തുടര്‍ന്ന് പരിപാടി നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് പരിശോധിക്കാനുള്ള ഹൊസൂര്‍ സബ് കളക്ടറുടെ ഉത്തരവിനെതിരെയാണ് യുവാക്കള്‍ പ്രതിഷേധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ഹൊസൂര്‍ സബ് കളക്ടര്‍ ആര്‍. ശരണ്യ വ്യാഴാഴ്ച രാവിലെ പരിശോധന നടത്താനായിരുന്നു ഉത്തരവ്. എന്നാല്‍ പരിപാടിയുടെ സംഘാടകരുടെ നേതൃത്വത്തില്‍ പരിശോധനക്ക് മുമ്പ് നാട്ടുകാരും യുവാക്കളും ചേര്‍ന്ന് ദേശീയപാത ഉപരോധിക്കുകയായിരുന്നു.
പ്രതിഷേധക്കാരില്‍ പലരും മദ്യലഹരിയിലായിരുന്നുവെന്നും പത്തോളം സര്‍ക്കാര്‍ ബസുകള്‍ തകര്‍ത്തെന്നും നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും കൃഷ്ണഗിരി എസ്.പി സരോജ്കുമാര്‍ താക്കൂര്‍ അറിയിച്ചു.
Content Highlight: National Highway blocked, buses and Police vehicle attacked in Krishnagiri after permission denied for jallikattu