Advertisement
Kerala
ദേശീയപാത വികസനം ഇനിയും വൈകിക്കരുത് : ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 May 30, 06:42 pm
Friday, 31st May 2013, 12:12 am

[] കൊല്ലം: ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയപാതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഇനിയും വച്ചുതാമസിപ്പിക്കുന്നത് ഗുണകരമല്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍. []

കൊല്ലം സ്വദേശിയായ എം.കെ.സലിം സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ.വിനോദ്ചന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്.

ദേശീയപാതയുടെ വീതി 30.5 മീറ്ററില്‍നിന്ന് 45 മീറ്ററാക്കാന്‍വേണ്ട അധികസ്ഥലം ഏറ്റെടുത്തുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തതിനാലാണ് വിജ്ഞാപനം കാലഹരണപ്പെട്ടത്.

ജനങ്ങളുടെ പ്രതിഷേധംമൂലമാണ് സ്ഥലമേറ്റെടുപ്പ് പരാജയപ്പെട്ടത്. ഇനി സ്ഥലമേറ്റെടുക്കണമെങ്കില്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണം. പലയിടത്തും സ്ഥലമേറ്റെടുപ്പില്‍ പ്രതിഷേധം തുടരുകയുമാണ്.

പാതയുടെ വീതി 45 മീറ്ററായി വര്‍ധിപ്പിക്കാന്‍വേണ്ടി സ്ഥലമേറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം കാലഹരണപ്പെട്ട സാഹചര്യത്തില്‍ ഇനി പണി വൈകിപ്പിക്കുന്നത് നല്ലതല്ലെന്ന് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

അതിനാല്‍ 30.5 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കാന്‍വേണ്ടി ഏറ്റെടുത്ത സ്ഥലമുപയോഗിച്ച് പണി ഉടന്‍ ആരംഭിക്കണമെന്ന് ഹരജിക്കാരന്‍ വാദിക്കുന്നു.

ഡിവൈഡര്‍ ഉള്‍പ്പെടെ നാലുവരിപ്പാത പണിയാന്‍ 30.5 മീറ്റര്‍ മതിയെന്ന് തെളിയിക്കുന്ന ഗ്രാഫിക്‌സും ഹരജിയോടൊപ്പം സമര്‍പ്പിച്ചിരുന്നു. ഡിവൈഡര്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങളുടെ കൂട്ടിയിടിനിമിത്തം മനുഷ്യജീവനുകള്‍ ഇനിയും നഷ്ടപ്പെടുമെന്നും അതിനാല്‍ ദേശീയപാതാവികസനം വീതിയുടെപേരില്‍ നീട്ടിക്കൊണ്ടുപോകരുതെന്നുമാണ് ഹരജിക്കാരന്‍ വാദിക്കുന്നത്.

ദേശീയപാതയുടെ പണിക്കായി സര്‍ക്കാര്‍ നടപ്പുവര്‍ഷം നീക്കിവച്ച 4692 കോടി രൂപ, പണി നീണ്ടുപോയാല്‍ പാഴാകുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.