| Monday, 11th November 2019, 9:09 am

ബി.ജെ.പി പ്രതിഷേധം; അയോധ്യാ ലേഖനങ്ങള്‍ പിന്‍വലിച്ച് മാപ്പുപറഞ്ഞ് കോണ്‍ഗ്രസിന്റെ 'നാഷണല്‍ ഹെറാള്‍ഡ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയാനനുവദിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്തുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നിലപാടെയുത്തിരുന്നത്. വിധിയെ വിമര്‍ശിച്ചോ ചോദ്യം ചെയ്‌തോ മുതിര്‍ന്ന നേതാക്കളാരും രംഗത്തെത്തിയില്ല.

എന്നാല്‍, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങള്‍ വിധിയെ ചോദ്യം ചെയ്യുന്നതായിരുന്നു. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം ഈ രണ്ട് ലേഖനങ്ങളും വിവാദമാവുകയും ഹെറാള്‍ഡിന്റെ നിലപാട് ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.

ബി.ജെ.പിയാണ് ലേഖനങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം നടത്തിയത്. സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുന്ന ലേഖനങ്ങള്‍ നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാവുന്നതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

‘എന്തുകൊണ്ട് വിശ്വാസിയായ ഹിന്ദു അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഒരിക്കലും പ്രാര്‍ത്ഥിക്കില്ല’ എന്ന തലക്കെട്ടോടെ കോളമിസ്റ്റ് സുജാത ആനന്ദന്‍ എഴുതിയ ലേഖനവും ഇന്ത്യന്‍ സുപ്രീംകോടതിയെ പാകിസ്താന്‍ സുപ്രീം കോടതിയുമായി താരതമ്യപ്പെടുത്തി കോളമിസ്റ്റ് ആകര്‍ പട്ടേല്‍ എഴുതിയ ലേഖനവുമാണ് വിവാദമായത്. ബി.ജെ.പി നേതാവ് സംബിദ് പാത്ര ട്വിറ്ററില്‍ ഈ ലേഖനത്തിനെതിരെ രംഗത്തുവന്നിരുന്നു.

പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് നാഷണല്‍ ഹെറാള്‍ഡ് വിധിയെ ചോദ്യം ചെയ്ത രണ്ട് ലേഖനങ്ങളും പിന്‍വലിച്ച് ഖേദപ്രകടനം നടത്തി.

‘എന്തുകൊണ്ട് വിശ്വാസിയായ ഹിന്ദു അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഒരിക്കലും പ്രാര്‍ത്ഥിക്കില്ല’ എന്ന തലക്കെട്ടോടെ കോളമിസ്റ്റ് സുജാത ആനന്ദന്‍ എഴുതിയ ലേഖനവും ഇന്ത്യന്‍ സുപ്രീംകോടതിയെ പാകിസ്താന്‍ സുപ്രീം കോടതിയുമായി താരതമ്യപ്പെടുത്തി കോളമിസ്റ്റ് ആകര്‍ പട്ടേല്‍ എഴുതിയ ലേഖനവുമാണ് വിവാദമായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാശിയിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും കലാപത്തിലൂടെയും നിര്‍മ്മിക്കുന്ന ക്ഷേത്രത്തില്‍ എങ്ങനെയാണ് ദൈവം കുടിയിരിക്കുക എന്നതില്‍ താന്‍ അത്ഭുതപ്പെടുന്നെന്ന് സുജാത ആനന്ദന്‍ ലേഖനത്തില്‍ പറയുന്നു.

‘ഇനി ദൈവമങ്ങനെ തീരുമാനിച്ചാല്‍ത്തന്നെ, ഇത്തരമൊരു ക്ഷേത്രത്തില്‍നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ എങ്ങനെയായിരിക്കും സ്വീകരിക്കുന്നുണ്ടാവുക?, സുജാത ചോദിക്കുന്നു.

വിവിധ ഭാഗങ്ങളില്‍നിന്നും ലേഖനത്തെച്ചൊല്ലി വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് നാഷണല്‍ ഹെറാള്‍ഡ് ഇത് പിന്‍വലിക്കുകയായിരുന്നു. പിന്നാലെ പത്രാധിപകര്‍ ഖേദ പ്രകടനവും നടത്തി.

”എന്തുകൊണ്ട് വിശ്വാസിയായ ഹിന്ദു അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഒരിക്കലും പ്രാര്‍ത്ഥിക്കില്ല’ എന്ന ലേഖനം ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ വികാരത്തെ വൃണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. അത് ഞങ്ങള്‍ മനപ്പൂര്‍വം ചെയ്തതല്ല’, പത്രാധിപര്‍ നാഷണല്‍ ഹെറാള്‍ഡിന്റെ വെബ്‌സൈറ്റില്‍ കുറിച്ചു.

‘ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്ന അഭിപ്രായം ലേഖകന്റെ വ്യക്തിപരമായ അഭിപ്രായവും കാഴ്ചപ്പാടുമാണ്. അതിന് നാഷണല്‍ ഹെറാള്‍ഡുമായി യാതൊരു ബന്ധവുമില്ല-പത്രാധിപര്‍’.

ട്വിറ്റര്‍ പേജിലും പത്രാധിപര്‍ ഖേദപ്രകടനം നടത്തി.

‘വിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് തകര്‍ത്തതും നിയമലംഘനമാണെന്ന് പറയുന്നുണ്ടെങ്കില്‍ക്കൂടിയും പ്രാരംഭ കാലം മുതല്‍ ബി.ജെ.പിയും വി.എച്ച്.പിയും എന്താണോ ആഗ്രഹിച്ചത്, അത് തന്നെയാണ് സുപ്രീംകോടതി വിധിയിലുമുള്ളത്’, ആകര്‍ പട്ടേല്‍ ലേഖനത്തില്‍ പറയുന്നു.

‘എന്താണ് നമ്മുടെ സുപ്രീംകോടതി പറഞ്ഞുകൊണ്ടിരിക്കുന്നത്?. ഇന്ത്യ ഒരു മതേതര രാജ്യമായതുകൊണ്ടുള്ള പാരിതോഷികമാണോ ഈ വിവേചനം?’ പട്ടേല്‍ ചോദിക്കുന്നു.

ബി.ജെ.പിയുടെ നേതാക്കളടക്കമുള്ളവരാണ് ലേഖനങ്ങള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. നാഷണല്‍ ഹെറാള്‍ഡില്‍ പ്രസിദ്ധീകരിച്ച ലേഖനം അത്യധികം വിഷമമുണ്ടാക്കുന്നതാണെന്ന് ബി.ജെ.പി ഞായറാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയിലേതുപോലെ ഇത്രത്തോളം സുതാര്യമായ നിയമവ്യവസ്ഥ വേറെയെവിടെയും ഇല്ലെന്നും ബി.ജെ.പി അവകാശപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more