ന്യൂദല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നവര്‍ക്ക് നിയമസഹായമടക്കം ഉറപ്പ് വരുത്താന്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് എന്ന ദല്‍ഹി കേന്ദ്രീകൃതമായ കൂട്ടായ്മയാണ് ടോള്‍ഫ്രീ നമ്പറില്‍ (1800313360000) ഇരകള്‍ക്ക് സഹായം നല്‍കുന്നത്.
രാജ്യത്ത് ആള്‍ക്കൂട്ട, വിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഹെല്‍പ് ലൈന്‍ സ്ഥാപിക്കുന്നതെന്ന് യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് പ്രതിനിധി നദീം ഖാന്‍ പറഞ്ഞു. നിയമസഹായം ലഭ്യമാക്കുന്നതിനും വിഷയം മാധ്യമശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും ഇരകളെ സഹായിക്കുമെന്ന് നദീം ഖാന്‍ പറഞ്ഞു.
ദല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്യത്ത് വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കുന്നത് ആര്‍.എസ്.എസാണെന്ന് പരിപാടിയില്‍ പങ്കെടുത്ത ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. മോദിയും യോഗി ആദിത്യനാഥും ഈ അജണ്ട ഒറ്റക്കെട്ടായി ഏറ്റെടുത്തിരിക്കുകയാണെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവരും ആക്രമിക്കപ്പെടുന്നുണ്ടെന്നും രാജ്യത്തിന്റെ ഭരണഘടനാ സംരക്ഷണത്തിനും സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുന്നതിനും എല്ലാവരും ഒന്നിച്ച് മുന്നോട്ടു വരണമെന്ന് മൈനോറിറ്റി ക്രിസ്റ്റ്യന്‍ ഫോറം അദ്ധ്യക്ഷന്‍ ഫാദര്‍. മൈക്കല്‍ വില്ലെമി പറഞ്ഞു.